ലണ്ടൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വൻ വർധന. ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതാണ് വിപണിയെ വൻതോതിൽ ബാധിച്ചത്.
ഒമാൻ തീരത്തോട് ചേർന്നുള്ള മുസന്ദം ഭാഗത്തുവെച്ച് പലാവു പതാക വഹിച്ച എണ്ണ ടാങ്കറിന് നേരെയാണ് ആദ്യ ആക്രമണമുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡ്സ് നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കപ്പലിലെ നാല് ജീവനക്കാർക്ക് പരിക്കേറ്റു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യൻ ജീവനക്കാരെ ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇത് കൂടാതെ, മറ്റ് രണ്ട് കപ്പലുകൾക്ക് നേരെ കൂടി ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഇറാനിലെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ 200-ഓളം കപ്പലുകൾ കടലിൽ നങ്കൂരമിട്ടിരിക്കുകയാണ്.

