സിഡ്നി: ന്യൂ സൗത്ത് വെയ്ൽസ് – ക്വീൻസ്ലാൻഡ് അതിർത്തിക്കടുത്തുള്ള എം1 മോട്ടോർവേയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റോഡ് റെയ്ജ് (Road Rage) ആക്രമണം. അതിവേഗത്തിൽ പാഞ്ഞെത്തിയ വെള്ള സെഡാൻ കാർ ഓടിച്ചിരുന്ന വ്യക്തിയാണ് മുന്നിൽ പോവുകയായിരുന്ന വർക്ക് വാനിനെ ഇടിച്ച് അപകടമുണ്ടാക്കിയത്. എമർജൻസി ലൈനിൽ വെച്ച് വാനിനെ പിന്തുടർന്ന് ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
എന്നാൽ സംഭവത്തിന് പിന്നാലെ ഉണ്ടായ വഴിത്തിരിവാണ് ഏവരെയും അമ്പരപ്പിച്ചത്. വാനിന് പിന്നിൽ ഇടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച അക്രമി, വാനിന്റെ വശത്ത് രേഖപ്പെടുത്തിയിരുന്ന ഫോൺ നമ്പറിൽ വിളിച്ച് ഉടമയെ അസഭ്യം പറയുകയായിരുന്നു. “നിന്റെ ഡ്രൈവറോട് ഇൻഡിക്കേറ്റർ ഉപയോഗിക്കാൻ പറ, അവൻ ഒരു വിഡ്ഢിയാണ്” എന്നായിരുന്നു അക്രമി വോയ്സ് മെയിലിലൂടെ പ്രകോപനം തുടർന്നത്.
കാർപ്പറ്റ് ക്ലീനറായ മാത്യു വാൽഷോ ആണ് ആക്രമണത്തിന് ഇരയായത്. അക്രമിയിൽ നിന്നും രക്ഷപ്പെടാനാണ് താൻ ശ്രമിച്ചതെന്ന് മാത്യു 7NEWS-നോട് പറഞ്ഞു. “അവനിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുക എന്നതായിരുന്നു എന്റെ ഏക ലക്ഷ്യം. എന്റെ വാനിന്റെ ബമ്പറിൽ തട്ടുന്ന വിധം തൊട്ടുപിന്നാലെ കാർ പിന്തുടർന്നു. പിന്നീട് ഓവർടേക്ക് ചെയ്ത് മുന്നിൽ കയറി പെട്ടെന്ന് ബ്രേക്ക് ഇട്ടു,” മാത്യു ഭീതിയോടെ ഓർക്കുന്നു.
അക്രമിയിൽ നിന്നും രക്ഷപ്പെടാൻ വാൻ എമർജൻസി ലൈനിലേക്ക് മാറ്റിയെങ്കിലും സെഡാൻ ഡ്രൈവർ പിന്തുടരുകയും മോട്ടോർവേയിൽ നിന്നും പുറത്തേക്ക് പോകുന്നതുവരെ വേട്ടയാടുകയും ചെയ്തു. എന്തിനാണ് അയാൾ തന്നോട് ഇത്രയും ക്രൂരമായി പെരുമാറിയതെന്ന് അറിയില്ലെന്നും ഈ സംഭവം തന്നെ വലിയ മാനസിക വിഷമത്തിലാക്കിയെന്നും മാത്യു പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

