കരിങ്കടലില്‍ റഷ്യയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ഡ്രോണാക്രമണം

ഇസ്താംബുള്‍: ശനിയാഴ്ച രാവിലെ തുര്‍ക്കി തീരത്തിനു സമീപം വിരാട്, കൊറോസ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.ആക്രമണത്തിന്റെ ഉത്തരവാദിത്തം യുക്രൈന്‍ ഏറ്റെടുത്തു.കൃത്യം നിര്‍വഹിക്കാന്‍ സീ ബേബി ഡ്രോണുകളാണ് ഉപയോഗിച്ചതെന്നാണ് യുക്രൈയ്‌നിന്റെ സുരക്ഷാ സേവനങ്ങളിലെ (എസ്ബിയു) ഒരു ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം റഷ്യ പ്രതികരിച്ചിട്ടില്ല.

രണ്ട് ടാങ്കറുകള്‍ക്കും ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നും അവ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.റഷ്യന്‍ എണ്ണയുടെ കയറ്റുമതിക്ക് കാര്യമായ തിരിച്ചടി നല്‍കുന്നതാണ് യുക്രൈനിന്റെ ഡ്രോണ്‍ ആക്രമണം.ഉപരോധങ്ങള്‍ ലംഘിച്ച് പല മാര്‍ഗങ്ങളിലൂടെയും എണ്ണ എത്തിക്കാന്‍ നൂറുകണക്കിന് ടാങ്കറുകള്‍ റഷ്യ ഉപയോഗിക്കുന്നുണ്ട്.

വിരാടിനു നേരെ വെള്ളിയാഴ്ച രാത്രിയും ആക്രമണം നടന്നിരുന്നു. കരിങ്കടല്‍ തീരത്തുനിന്ന് 35 മൈല്‍ അകലെവെച്ചാണ് ആളില്ലായാനങ്ങള്‍ വിരാടിനെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ കപ്പലിന്റെ ഒരറ്റത്തുനിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

കപ്പലുകളില്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് തുര്‍ക്കി അറിയിച്ചത്.274 മീറ്റര്‍ നീളമാണ് കൊറോസിനുള്ളത്.കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. റഷ്യയുടെ നൊവൊറോസിയസ്‌ക് തുറമുഖം ലക്ഷ്യമിട്ട് സഞ്ചരിച്ച കപ്പലായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *