സ്റ്റാർലിങ്ക് വിവരങ്ങൾ ചോർത്താൻ ശ്രമം; ഫ്രാൻസിൽ രണ്ട് ചൈനീസ് പൗരന്മാരുൾപ്പെടെ നാലുപേർ പിടിയിൽ

പാരിസ്: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് ശൃംഖലയിൽ നിന്നും സുപ്രധാന വിവരങ്ങൾ ചോർത്താൻ ശ്രമിച്ച രണ്ട് ചൈനീസ് പൗരന്മാരെയും രണ്ട് സഹായികളെയും ഫ്രഞ്ച് ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ജിറോണ്ടെ (Gironde) മേഖലയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പാരിസ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. സൈനിക പ്രാധാന്യമുള്ള വിവരങ്ങളും തന്ത്രപ്രധാനമായ നയതന്ത്ര രേഖകളും ചോർത്തി ചൈനയ്ക്ക് കൈമാറാനായിരുന്നു ഇവരുടെ നീക്കമെന്ന് ഫ്രഞ്ച് അധികൃതർ വ്യക്തമാക്കി.

ജിറോണ്ടെയിലെ ഒരു വാടക വീട്ടിൽ (Airbnb) താമസിച്ചിരുന്ന ഇവർ, രണ്ട് മീറ്റർ വ്യാസമുള്ള കൂറ്റൻ സാറ്റലൈറ്റ് ഡിഷ് സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ട പ്രാദേശിക നിവാസികൾ നൽകിയ സൂചനയാണ് അറസ്റ്റിലേക്ക് നയിച്ചത്. ഈ സാറ്റലൈറ്റ് ഡിഷ് പ്രവർത്തനക്ഷമമായതോടെ മേഖലയിൽ ഇന്റർനെറ്റ് തടസ്സങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ഫ്രഞ്ച് സുരക്ഷാ ഏജൻസിയായ ഡി.ജി.എസ്.ഐ (DGSI) നടത്തിയ പരിശോധനയിൽ ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ തത്സമയം പിടിച്ചെടുക്കാനുള്ള അത്യാധുനിക കമ്പ്യൂട്ടർ സംവിധാനങ്ങൾ കണ്ടെത്തുകയായിരുന്നു. വൈയർലെസ് കമ്മ്യൂണിക്കേഷൻ എൻജിനീയർമാർ എന്ന വ്യാജേനയാണ് ചൈനീസ് പൗരന്മാർ ഫ്രാൻസിലെത്തിയത്.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ വിദേശശക്തികൾക്ക് കൈമാറാൻ ശ്രമിച്ചു എന്ന കുറ്റത്തിന് ഇവർക്ക് 15 വർഷം വരെ തടവുശിക്ഷ ലഭിക്കാനിടയുണ്ട്. പിടിയിലായ ചൈനീസ് പൗരന്മാരെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. യൂറോപ്യൻ രാജ്യങ്ങളിൽ ചൈനീസ് ചാരപ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ അറസ്റ്റ് ഏറെ ഗൗരവത്തോടെയാണ് ഫ്രഞ്ച് സർക്കാർ കാണുന്നത്. ചാരപ്രവർത്തനത്തിന് ഉപയോഗിച്ച സാങ്കേതിക ഉപകരണങ്ങൾ വിദേശത്തുനിന്നും അനധികൃതമായി കടത്താൻ സഹായിച്ചതിനാണ് മറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *