സിഡ്‌നി: കടൽമാർഗ്ഗം ഒരു ടൺ കൊക്കെയ്ൻ ഓസ്‌ട്രേലിയയിലേക്ക് കടത്താൻ പദ്ധതിയിട്ട സംഭവത്തിൽ ആറ് വിദേശ പൗരന്മാരെ സിഡ്‌നിയിൽ അറസ്റ്റ് ചെയ്തു. ഹോണ്ടുറാസിൽ നിന്നുള്ള അഞ്ച് പേരും ഇക്വഡോറിൽ നിന്നുള്ള ഒരാളുമാണ് പിടിയിലായത്. ഇവർക്ക് ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
‘എംവി റെയ്ഡർ’ (MV Raider) എന്ന് പേരുള്ള 40 മീറ്റർ നീളമുള്ള കപ്പലിലാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനായി കപ്പലിൽ അതീവ രഹസ്യമായ മൂന്ന് ഒളിത്താവളങ്ങൾ പ്രത്യേകം നിർമ്മിച്ചിരുന്നതായി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) അറിയിച്ചു. അനധികൃത വസ്തുക്കൾ കടത്താൻ വേണ്ടി മാത്രം പ്രത്യേകം രൂപകൽപ്പന ചെയ്തതായിരുന്നു ഈ കപ്പലെന്ന് എഎഫ്പി കമാൻഡർ ബ്രെറ്റ് ജെയിംസ് വ്യക്തമാക്കി.
മധ്യ അമേരിക്കയിൽ നിന്നും പുറപ്പെട്ട ഈ കപ്പൽ ജനുവരിയിൽ ഫ്രഞ്ച് പോളിനേഷ്യയിൽ വെച്ച് അധികൃതർ തടയുകയും അതിൽ നിന്ന് 4.8 ടൺ കൊക്കെയ്ൻ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് കപ്പൽ ഓസ്‌ട്രേലിയൻ തീരത്തേക്ക് നീങ്ങുകയും ന്യൂ സൗത്ത് വെയിൽസ് തീരത്ത് വെച്ച് മറ്റൊരു സംഘവുമായി ചേർന്ന് ലഹരിമരുന്ന് കൈമാറാൻ പദ്ധതിയിടുകയുമായിരുന്നു. എന്നാൽ ഓസ്‌ട്രേലിയൻ തീരത്തുനിന്ന് 180 നോട്ടിക്കൽ മൈൽ അകലെ വെച്ച് പോലീസ് കപ്പൽ തടയുകയും രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു.
മാർച്ച് 12-ന് കപ്പലിൽ സാങ്കേതിക തകരാറുണ്ടെന്നും ഭക്ഷണവും വെള്ളവും തീർന്നെന്നും കാണിച്ച് ജീവനക്കാർ അപായ സന്ദേശം (Distress call) അയച്ചു. ഇതിനെത്തുടർന്ന് സിഡ്‌നി ഹാർബറിലേക്ക് എത്തിച്ച കപ്പലിൽ ഫെഡറൽ പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ഒളിപ്പിക്കാൻ നിർമ്മിച്ച രഹസ്യ അറകൾ കണ്ടെത്തിയത്. ഏകദേശം ആറ് ടൺ കൊക്കെയ്ൻ വരെ സൂക്ഷിക്കാൻ ശേഷിയുള്ളവയായിരുന്നു ഈ അറകൾ. കപ്പലിൽ നിന്ന് നിലവിൽ ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചതിൽ നിന്ന് ഒരു ടൺ കൊക്കെയ്ൻ ഓസ്‌ട്രേലിയയിലേക്ക് എത്തിക്കാൻ ഇവർ ലക്ഷ്യമിട്ടിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
അറസ്റ്റിലായ ആറ് പേരെയും വില്ലാവുഡ് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. ഇന്ന് കോടതിയിൽ ഹാജരാക്കിയ ഇവർ ജാമ്യാപേക്ഷ നൽകിയിട്ടില്ല. നിലവിൽ സിഡ്‌നിയിലെ ബിർച്ച്ഗ്രോവിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പൽ പോലീസ് വിട്ടുനൽകില്ലെന്ന് അറിയിച്ചു.

