കാന്‍ബെറ: 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചുകൊണ്ടുള്ള നിയമം ഓസ്ട്രേലിയയില്‍ നിലവില്‍ വന്നെങ്കിലും, ആദ്യദിനം തന്നെ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്.നിരോധനം മറികടക്കാന്‍ കുട്ടികള്‍ VPN ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതായും,പ്രായം തെളിയിക്കാനുള്ള സാങ്കേതികവിദ്യയില്‍ പിഴവുകള്‍ സംഭവിക്കുന്നതായും പരാതികളുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഖം സ്‌കാന്‍ ചെയ്ത് പ്രായം നിര്‍ണ്ണയിക്കുന്ന സംവിധാനത്തിലെ പിഴവുകള്‍ കാരണം 13 വയസ്സുള്ള കുട്ടികള്‍ക്ക് പോലും 30 വയസ്സിന് മുകളിലുള്ളവരാണെന്ന് തെറ്റായി രേഖപ്പെടുത്തി അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്.കൂടാതെ,മുതിര്‍ന്ന സഹോദരങ്ങളുടെയോ മാതാപിതാക്കളുടെയോ സഹായത്തോടെയും കുട്ടികള്‍ പരിശോധന മറികടക്കുന്നു.
നിരോധനം പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ സമയമെടുക്കുമെന്നും,നിലവിലുള്ള പഴുതുകള്‍ ക്രമേണ അടയ്ക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.സ്‌നാപ്ചാറ്റ്, ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ ഇതിനകം ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും,പല കുട്ടികളും ഇപ്പോഴും ഈ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.നിരോധനം ഫലപ്രദമാകാന്‍ പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ നടത്തേണ്ടി വരുമെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അനിക വെല്‍സ് വ്യക്തമാക്കി

