കാന്‍ബറ: ഓസ്ട്രേലിയയില്‍ പണപ്പെരുപ്പം വീണ്ടും ആശങ്കാജനകമായ രീതിയില്‍ ഉയര്‍ന്നതോടെ പലിശനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമായേക്കും. ഡിസംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരം പണപ്പെരുപ്പ നിരക്ക് 3.8 ശതമാനമായി ഉയര്‍ന്നു. നവംബറില്‍ ഇത് 3.4 ശതമാനമായിരുന്നു.
വിലക്കയറ്റത്തിന് പിന്നില്‍ പ്രധാനമായും മൂന്ന് മേഖലകളിലെ വര്‍ധനവാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്:
ഭവന നിര്‍മ്മാണവും വാടകയും: ഭവന മേഖലയിലെ ചിലവുകള്‍ 5.5 ശതമാനം വര്‍ധിച്ചു.
വൈദ്യുതി നിരക്ക്: ചില സ്റ്റേറ്റുകളില്‍ നിലനിന്നിരുന്ന റിബേറ്റുകള്‍ അവസാനിച്ചതോടെ വൈദ്യുതി നിരക്കില്‍ 21.5 ശതമാനം വര്‍ധനവുണ്ടായി.
യാത്രയും വിനോദവും: അവധിക്കാലത്തോടനുബന്ധിച്ച് ആഭ്യന്തര യാത്രാ ചിലവുകളിലും വിനോദ മേഖലയിലും 4.4 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.
റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമായ 2-3 ശതമാനത്തിന് മുകളിലാണ് നിലവില്‍ പണപ്പെരുപ്പ നിരക്ക്.ഫെബ്രുവരി 3-ന് നടക്കാനിരിക്കുന്ന മണിറ്ററി പോളിസി മീറ്റിംഗില്‍ പലിശനിരക്ക് 0.25 ശതമാനം (25 Basis Points) വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.നിലവില്‍ 3.60 ശതമാനമായ ക്യാഷ് റേറ്റ് ഇതോടെ 3.85 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കാം.
പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ശക്തമായി തുടരുന്നത് ആശങ്കാജനകമാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ പലിശനിരക്ക് ഉയര്‍ത്തുക എന്നതല്ലാതെ ബാങ്കിന് മുന്നില്‍ മറ്റു വഴികളില്ല,എന്ന് കോമണ്‍വെല്‍ത്ത് ബാങ്ക് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.പലിശനിരക്ക് വര്‍ദ്ധിക്കുന്നത് ഭവന വായ്പ എടുത്തവരെയും പുതിയ വായ്പകള്‍ക്ക് തയ്യാറെടുക്കുന്നവരെയും സാരമായി ബാധിക്കും.പ്രതിമാസ തിരിച്ചടവ് വര്‍ദ്ധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ പ്രതിസന്ധിയിലാക്കും

