മെല്‍ബണ്‍: ഓസ്ട്രേലിയയുടെ തെക്കുകിഴക്കന്‍ മേഖലകളില്‍ അതിതീവ്ര ഉഷ്ണതരംഗം തുടരുന്നു. വടക്കുപടിഞ്ഞാറന്‍ വിക്ടോറിയയിലെ വാള്‍പ്യൂപ്പില്‍ താപനില 48.9°-C tരഖപ്പെടുത്തി.കഠിനമായ ചൂടിനൊപ്പം വീശിയടിക്കുന്ന കാറ്റും വിക്ടോറിയയിലെ വനമേഖലകളില്‍ കാട്ടുതീ നിയന്ത്രണാതീതമായി പടരാന്‍ കാരണമായി.
വിക്ടോറിയയിലെ ഓട്വേ റേഞ്ചസ് (Otway Ranges),ഗ്രാംപിയന്‍സ് മേഖലകളില്‍ തീ പടരുന്നതിനാല്‍ നൂറുകണക്കിന് കുടുംബങ്ങളോട് വീടുകളില്‍ നിന്ന് ഉടന്‍ ഒഴിഞ്ഞുപോകാമന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.രക്ഷപ്പെടാന്‍ ഇപ്പോള്‍ മാത്രമാണ് സമയം,വൈകിയാല്‍ ജീവന്‍ അപകടത്തിലാകും എന്ന് വിക്ടോറിയന്‍ കണ്‍ട്രി ഫയര്‍ അതോറിറ്റി (CFA) മുന്നറിയിപ്പ് നല്‍കി.പലയിടങ്ങളിലും പുകപടലം കാരണം ആകാശം ചുവന്ന നിറത്തിലായി മാറിയിരിക്കുകയാണ്.
സൗത്ത് ഓസ്ട്രേലിയയുടെ തലസ്ഥാനമായ അഡ്‌ലെയ്ഡില്‍ താപനില രാത്രിയിലും 34°-Cന് താഴെ പോകാത്തത് ജനങ്ങളെ വലച്ചു.2009-ലെ ‘ബ്ലാക്ക് സാറ്റര്‍ഡേ’ക്ക് ശേഷമുള്ള ഏറ്റവും കഠിനമായ കാലാവസ്ഥയാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (BOM) വിലയിരുത്തുന്നു.ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചതും പലയിടങ്ങളിലും പവര്‍കട്ടിന് കാരണമായിട്ടുണ്ട്.
മെല്‍ബണില്‍ നടക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മത്സരങ്ങളെയും ചൂട് ബാധിച്ചു.താപനില 45 ഡിഗ്രി കടന്നതോടെ പുറത്തെ കോര്‍ട്ടുകളിലെ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.പ്രധാന സ്റ്റേഡിയങ്ങളായ റോഡ് ലാവര്‍ അരീനയിലും മറ്റും മേല്‍ക്കൂരകള്‍ അടച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.കളിക്കാര്‍ക്കും കാണികള്‍ക്കും നിര്‍ജ്ജലീകരണം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.വരും ദിവസങ്ങളിലും ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യം അതീവ ജാഗ്രതയിലാണ്. ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്

