വിപഞ്ചിക ഗ്രന്ഥശാല മെല്‍ബണില്‍ സംഘടിപ്പിച്ച രണ്ടാമത് ഓസ്‌ട്രേലിയന്‍ മലയാളി സാഹിത്യോത്സവം പങ്കാളിത്തം കൊണ്ടും പുതുമയാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി

കേരളത്തില്‍ നിന്ന് എത്തിയ സാഹിത്യകാരന്‍ ശ്രീ. വി കെ കെ രമേഷ് എംടി സ്മൃതി, വി.കെ.എന്‍ ചിരിയും, ചിന്തകളും എന്നീ പരിപാടികളിലും, ഡോ. ആല്‍ബി ഏലിയാസ് സാഹിത്യവാരഫലം എം കൃഷ്ണന്‍ നായര്‍ വിശ്വജാലകം തുറന്ന തൂലിക എന്ന സെഷനിലും പ്രഭാഷണങ്ങള്‍ നടത്തി.

തുറന്ന പുസ്തകം എന്ന പരിപാടിയില്‍ ശാന്താ മേരി ചെറിയാന്‍, ഫാദര്‍’ ജോസഫ് ജോണ്‍, വര്‍ഗ്ഗീസ് അങ്കമാലി, ബിസ്മി പാലാട്ടി,നിഫി റഷീദ് എന്നിവരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്തു.

പാട്ടോര്‍മ്മകളില്‍ ഡോ. അനൂപ് ശിവശങ്കരന്‍ വയലാര്‍ അനുസ്മരണം നടത്തി.

അനുമോദനസദസ്സില്‍ മലയാളം പരീക്ഷ മികച്ച വിജയം നേടിയ കുട്ടികളേയും നാടകാഭിനയ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളേയും അനുമോദിച്ചു. ചൊല്ലരങ്ങില്‍ അക്ഷരശ്ലോകം , കവിതകള്‍ നാടന്‍പ്പാട്ട് എന്നിവ അരങ്ങേറി.

പരിപാടിയോടനുബന്ധിച്ച് ഗിരീഷ് അവണൂരിന്റെ നേതൃത്വത്തില്‍ കെപ്റ്റ മെല്‍ബണ്‍ അവതരിപ്പിച്ച റേഡിയോ നാടകവും ഉണ്ടായിരുന്നു. വിപഞ്ചിക ഗ്രന്ഥശാലക്കു വേണ്ടി ശ്രീജ സഞ്ജയ് നന്ദി രേഖപ്പെടുത്തി.


