സിഡ്‌നി: ഇറാനിലെ ആഭ്യന്തര യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഓസ്‌ട്രേലിയൻ ജനജീവിതത്തെ സാരമായി ബാധിക്കുന്നു. ഇന്ധനവില കുതിച്ചുയരുന്നതിന് പിന്നാലെ രാജ്യത്ത് മരുന്നുകൾക്കും വൻതോതിൽ വിലവർദ്ധനവ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുദ്ധം മൂലം ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെടുന്നതും വിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധിയുമാണ് മരുന്നുവില വർദ്ധിക്കാൻ കാരണമാകുന്നത്.
ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധം മൂലം കപ്പൽ ഗതാഗതം ദുഷ്കരമായതോടെ, പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ മരുന്നുകൾ വിമാനമാർഗ്ഗം എത്തിക്കാനുള്ള ശ്രമത്തിലാണ്. കടൽമാർഗ്ഗമുള്ള വിതരണം തടസ്സപ്പെട്ടത് വലിയ അധികച്ചെലവിന് കാരണമാകുന്നുണ്ട്. കൂടാതെ, പശ്ചിമേഷ്യൻ വ്യോമപാതകൾ ഒഴിവാക്കി വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതും ചെലവ് വർദ്ധിപ്പിക്കുന്നു. പാരസെറ്റമോൾ, ഇബുപ്രോഫിൻ തുടങ്ങിയ സാധാരണ മരുന്നുകൾക്കും ആന്റിബയോട്ടിക്കുകൾക്കും ആവശ്യമായ പെട്രോളിയം അധിഷ്ഠിത ചേരുവകളുടെയും അസംസ്‌കൃത വസ്തുക്കളുടെയും ലഭ്യതക്കുറവ് വരുംദിവസങ്ങളിൽ നിർമ്മാണത്തെയും ബാധിച്ചേക്കാം.
നിലവിൽ ഓസ്‌ട്രേലിയയിൽ നാനൂറോളം മരുന്നുകൾക്ക് ക്ഷാമം നേരിടുന്നുണ്ട്. ഇതിൽ 37 എണ്ണം അതിതീവ്രമായ കുറവുള്ള വിഭാഗത്തിലാണ്. രാജ്യം 90 ശതമാനം മരുന്നുകൾക്കും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത് എന്നത് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു. എന്നാൽ, നിലവിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് റോയൽ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്സ് (RACGP) പ്രസിഡന്റ് ഡോ. മൈക്കൽ റൈറ്റ് അറിയിച്ചു. ഫാർമസ്യൂട്ടിക്കൽ ബെനഫിറ്റ് സ്കീമിന് (PBS) കീഴിലുള്ള മരുന്നുകളുടെ വിലയിൽ വലിയ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മരുന്നുകൾ പൂഴ്ത്തിവെക്കാനോ പരിഭ്രാന്തരായി വാങ്ങിക്കൂട്ടാനോ ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അത്തരം നടപടികൾ വിതരണ ശൃംഖലയിൽ കൂടുതൽ സമ്മർദ്ദമുണ്ടാക്കുമെന്നും അർഹരായവർക്ക് മരുന്ന് ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും ‘മെഡിസിൻസ് ഓസ്‌ട്രേലിയ’ പ്രസ്താവനയിൽ പറഞ്ഞു. മരുന്നുകൾക്കായി വിദേശ രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നതിന് പകരമായി ഓസ്‌ട്രേലിയയിൽ തന്നെ പ്രാദേശികമായി മരുന്ന് നിർമ്മാണ ശാലകൾ തുടങ്ങേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സാഹചര്യം വിരൽചൂണ്ടുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

