പ്രതിരോധ ഭൂമി വിൽപ്പനയിലൂടെ ഓസ്‌ട്രേലിയ 180 കോടി ഡോളർ സമാഹരിക്കുന്നു; വീട് നിർമ്മാണത്തിന് മുൻഗണന

മെൽബൺ: രാജ്യത്തെ ഉപയോഗശൂന്യമായ പ്രതിരോധ ഭൂമികൾ വിറ്റഴിച്ച് ഏകദേശം 180 കോടി ഡോളർ (A$1.8 billion) സമാഹരിക്കാൻ ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ദശാബ്ദങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് നടത്തുന്ന ഈ നീക്കം, ഓസ്‌ട്രേലിയൻ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കാരമായാണ് വിലയിരുത്തപ്പെടുന്നത്. ബുധനാഴ്ച രാവിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലസ് ആണ് ഈ പ്രഖ്യാപനം നടത്തിയത്.

രാജ്യത്തുടനീളമുള്ള 68 പ്രതിരോധ സൈറ്റുകളിൽ 64 എണ്ണം പൂർണ്ണമായും മൂന്നെണ്ണം ഭാഗികമായും വിറ്റഴിക്കാനാണ് സർക്കാർ തീരുമാനം. സിഡ്‌നി, മെൽബൺ, ബ്രിസ്‌ബേൻ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ചരിത്രപ്രധാനമായ സൈറ്റുകളും ഗോൾഫ് കോഴ്‌സുകളും ഇതിൽ ഉൾപ്പെടുന്നു. ഈ ഭൂമി വിൽക്കുന്നതിലൂടെ മൊത്തം 300 കോടി ഡോളർ സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 120 കോടി ഡോളർ സൈറ്റുകളുടെ നവീകരണത്തിനും ജീവനക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിനുമായി നീക്കിവെക്കും. ബാക്കി വരുന്ന 180 കോടി ഡോളർ പ്രതിരോധ മേഖലയിലെ മുൻഗണനാ പദ്ധതികൾക്കായി വിനിയോഗിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

വിൽപ്പനയ്ക്കുള്ള ഭൂമിയിൽ ഭൂരിഭാഗവും നഗരപ്രദേശങ്ങളിലാണെന്നത് കണക്കിലെടുത്ത്, ഇവിടെ പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കുന്നതിന് മുൻഗണന നൽകണമെന്ന് സർക്കാരിന് മേൽ സമ്മർദ്ദമുണ്ട്. രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കാൻ ഈ ഭൂമി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി കാറ്റി ഗല്ലഘറും സൂചിപ്പിച്ചു. ചില തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ വീട് നിർമ്മാണത്തിന് വലിയ സാധ്യതകളുണ്ടെന്നും ഇത് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, പ്രതിരോധ ആസ്തികൾ വിറ്റഴിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്തെത്തി. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ ധൃതിപിടിച്ച് എടുക്കരുതെന്ന് ഷാഡോ പ്രതിരോധ മന്ത്രി ആംഗസ് ടെയ്‌ലർ മുന്നറിയിപ്പ് നൽകി. എന്നാൽ, ഉപയോഗശൂന്യമായ കെട്ടിടങ്ങളും സ്ഥലങ്ങളും സംരക്ഷിക്കാൻ വർഷം തോറും കോടിക്കണക്കിന് രൂപ ചെലവാകുന്നത് ഒഴിവാക്കാനാണ് ഈ നീക്കമെന്ന് സർക്കാർ വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *