ഇസ്രായേൽ-അമേരിക്കൻ നീക്കത്തിന് പിന്തുണയുമായി ഓസ്‌ട്രേലിയ; ഇറാൻ മേഖലയിലെ അസ്ഥിരതയ്ക്ക് കാരണമെന്ന് ആന്തണി ആൽബനീസ്

കാൻബറ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത സൈനിക നീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. പതിറ്റാണ്ടുകളായി പശ്ചിമേഷ്യൻ മേഖലയിലെ സമാധാനം തകർക്കുന്ന അസ്ഥിരീകരണ ശക്തിയായാണ് ഇറാൻ ഭരണകൂടം നില കൊള്ളു ന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഇറാനിലെ ‘കൂട്ടക്കൊലകളും രക്തച്ചൊരിച്ചിലും’ ഇനി വെച്ചു പൊറുപ്പിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓസ്‌ട്രേലിയ നിലപാട് വ്യക്തമാക്കിയത്.

ശനിയാഴ്ച പുലർച്ചെയാണ് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ വ്യോമ-നാവിക ആക്രമണങ്ങൾ ആരംഭിച്ചത്. ഭീകരതയ്ക്കെതിരെയുള്ള നിർണ്ണായക പോരാട്ടമാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയൻ സർക്കാരും തങ്ങളുടെ സഖ്യകക്ഷികൾക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുനൽകിയത്. മേഖലയിലെ ജനാധിപത്യ രാജ്യങ്ങളുടെ സുരക്ഷയ്ക്കും ആഗോള സമാധാനത്തിനും ഇറാന്റെ നിലപാടുകൾ ഭീഷണിയാണെന്ന് ആൽബനീസ് തന്റെ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

യുദ്ധം പശ്ചിമേഷ്യയിലുടനീളം വ്യാപിക്കുന്ന സാഹചര്യത്തിൽ, തങ്ങളുടെ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാൻ ഓസ്‌ട്രേലിയ നിർദ്ദേശിച്ചിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനിൽ ഭരണമാറ്റത്തിനുള്ള നീക്കങ്ങൾ ശക്തമാകുന്നതിനിടയിലാണ് അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള ഈ പിന്തുണ. അതേസമയം, മേഖലയിലെ സംഘർഷം ഇനിയും വഷളാകാൻ സാധ്യതയുള്ളതിനാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സർക്കാർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *