കാൻബറ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച സൈനിക നടപടി പശ്ചിമേഷ്യയിലുടനീളം യുദ്ധമായി പടരുന്ന സാഹചര്യത്തിൽ, മേഖലയിലുള്ള തങ്ങളുടെ പൗരന്മാർക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങൾ നൽകി ഓസ്‌ട്രേലിയ. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനാൽ ഇസ്രായേൽ, ഇറാൻ, ലബനൻ എന്നീ രാജ്യങ്ങളിലേക്ക് യാതൊരു കാരണവശാലും യാത്ര ചെയ്യരുത് എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ ഈ രാജ്യങ്ങളിലുള്ള ഓസ്‌ട്രേലിയക്കാർ വാണിജ്യ വിമാന സർവീസുകൾ ലഭ്യമാകുന്ന മുറയ്ക്ക് ഉടൻ തന്നെ അവിടെനിന്നും പുറത്തുകടക്കണമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് നിർദ്ദേശിച്ചു. ഇസ്രായേലിലും ലബനനിലുമുള്ള ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥരുടെ ആശ്രിതരോട് രാജ്യം വിടാൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന് വിദേശകാര്യ മന്ത്രാലയം തങ്ങളുടെ ക്രൈസിസ് സെന്റർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷം ആഗോള വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. ഇറാൻ, ഇസ്രായേൽ, ജോർദാൻ, ഇറാഖ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ആകാശസീമകൾ ഭാഗികമായോ പൂർണ്ണമായോ അടച്ചതോടെ വിമാന സർവീസുകൾ താറുമാറായി. ഇത് വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയയിലേക്കും തിരിച്ചുമുള്ള വിമാന യാത്രകളെയും ബാധിക്കാൻ സാധ്യതയുണ്ട്. ദുബായ്, ദോഹ തുടങ്ങിയ പ്രധാന യാത്രാ കേന്ദ്രങ്ങൾ വഴിയുള്ള യാത്രകളിൽ കടുത്ത ജാഗ്രത പാലിക്കണമെന്ന് സ്മാർട്ട് ട്രാവലർ വെബ്സൈറ്റ് മുന്നറിയിപ്പ് നൽകി.
മേഖലയിലെ സംഘർഷം ആഗോളതലത്തിൽ തന്നെ ഭീഷണിയാണെന്നും ഇറാൻ ഒരു അസ്ഥിരീകരണ ശക്തിയാണെന്നും ആൽബനീസ് വീണ്ടും ആവർത്തിച്ചു. ഇറാന്റെ ആണവ മോഹങ്ങൾ തടയാൻ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്ക് ഓസ്‌ട്രേലിയയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം ഓസ്‌ട്രേലിയയിലെ ജൂത-മുസ്ലിം സമൂഹങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കരുതെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു

