അമേരിക്കൻ നിലപാടുകളിൽ ആശങ്ക; പുതിയ വിദേശനയങ്ങളുമായി ഓസ്‌ട്രേലിയ

കാൻബറ: ഇറാാനിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകൾ പ്രവചനാതീതമായി മാറുന്ന പശ്ചാത്തലത്തിൽ, അമേരിക്കയിൽ നിന്നും അകലം പാലിച്ച് പുതിയ നയതന്ത്ര നീക്കങ്ങളുമായി ഓസ്‌ട്രേലിയൻ സർക്കാർ. ട്രംപിന്റെ പരസ്യപ്രസ്താവനകൾ ആശങ്കാജനകമാണെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രി പെണ്ണി വോങ്ങ്, ഓസ്‌ട്രേലിയ തങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് അറിയിച്ചു.

ട്രംപിന് കീഴിലുള്ള അമേരിക്കൻ ഭരണകൂടം കൂടുതൽ പ്രവചനാതീതമായിരിക്കുമെന്ന് ഞങ്ങൾക്കറിയാം. അതിനാൽ തന്നെ സൗത്ത് ഈസ്റ്റ് ഏഷ്യ, പസഫിക് രാഷ്ട്രങ്ങൾ, കാനഡ, യുണൈറ്റഡ് കിംഗ്ഡം, യൂറോപ്യൻ യൂണിയൻ എന്നിവരുമായുള്ള സഹകരണം വർദ്ധിപ്പിക്കാനാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്—പെണ്ണി വോങ്ങ് പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഇന്ന് സിംഗപ്പൂരിലേക്ക് തിരിക്കും. പെട്രോൾ, ഡീസൽ, എൽ.എൻ.ജി തുടങ്ങിയ അവശ്യസാധനങ്ങളുടെ ഇറക്കുമതിയും വ്യാപാരവും ഉറപ്പാക്കുകയാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.

ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് കാരണമായ അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തെ തുടക്കത്തിൽ ആൽബനീസ് പിന്തുണച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം നടന്നോ എന്ന കാര്യത്തിൽ അത് അമേരിക്കയുടെ മാത്രം ഉത്തരവാദിത്തമാണെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. കൂടാതെ, ഓസ്‌ട്രേലിയയുടെ ഇ-7എ വെഡ്‌ജ്‌ടെയിൽ (E-7A Wedgetail) വിമാനം പൗരന്മാരുടെ സുരക്ഷയ്ക്കായി ഗൾഫ് മേഖലയിൽ തുടരാൻ പ്രധാനമന്ത്രി അനുമതിയും നൽകിയിട്ടുണ്ട്.

എങ്കിലും, അടുത്തിടെ ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായ തീവ്രമായ പ്രസ്താവനകൾ ഓസ്‌ട്രേലിയയെ മാറ്റി ചിന്തിപ്പിച്ചു. ഇറാനെ ‘ശിലായുഗത്തിലേക്ക് മടക്കിക്കൊണ്ടുപോകുമെന്നും’ ‘ഒരു നാഗരികത മുഴുവൻ ഇല്ലാതാകുമെന്നും’ ട്രംപ് സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ട്രംപിന്റെ വാക്കുകൾ ‘അനുചിതവും അസാധാരണവുമാണ്’ എന്നാണ് പ്രധാനമന്ത്രി ആൽബനീസ് പ്രതികരിച്ചത്. ഒരു നാഗരികതയുടെ നാശം ആരും ഭീഷണിപ്പെടുത്താൻ പാടില്ലെന്ന് പെണ്ണി വോങ്ങും കൂട്ടിച്ചേർത്തു. ഇറാനിൽ കരസേനയെ ഇറക്കാനുള്ള ട്രംപിന്റെ ആലോചനകൾക്കിടെ, യുദ്ധത്തിന്റെ ലക്ഷ്യമെന്താണെന്ന് ആൽബനീസ് പരസ്യമായി ചോദ്യം ചെയ്യുകയും സംഘർഷം ലഘൂകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *