ഇന്ധനവില വർധനവ്; ഓസ്‌ട്രേലിയൻ ബിസിനസ് മേഖല പ്രതിസന്ധിയിൽ,ജോലി സമയം വെട്ടിക്കുറയ്ക്കുന്നു

സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഇന്ധനവില കുതിച്ചുയരുന്നത് രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ചെലവ് വർധിച്ചതോടെ ലാഭം കുറഞ്ഞ പല സ്ഥാപനങ്ങളും നിലനിൽപ്പിനായി ജീവനക്കാരുടെ ജോലി സമയം വെട്ടിക്കുറയ്ക്കാനും പുതിയ നിയമനങ്ങൾ നിർത്തിവെക്കാനും നിർബന്ധിതരാകുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബിസിനസ് എൻ.എസ്.ഡബ്ല്യു (Business NSW) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഏകദേശം 84 ശതമാനം സ്ഥാപനങ്ങളെയും ഈ പ്രതിസന്ധി നേരിട്ട് ബാധിച്ചു കഴിഞ്ഞു. ഇതിൽ 37 ശതമാനവും അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സ്ഥിതിഗതികൾ രൂക്ഷമായതോടെ 47 ശതമാനം ബിസിനസ് സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരുടെ എണ്ണവും ജോലി സമയവും പുനഃപരിശോധിച്ചു തുടങ്ങിയിട്ടുണ്ട്.

ന്യൂ സൗത്ത് വെയ്‌ൽസിൽ (NSW) മാത്രം ബിസിനസ് തകർച്ചയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ജൂലൈ മുതൽ ഇതുവരെ 3,600-ലധികം ബിസിനസുകൾ പൂട്ടേണ്ടി വന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പൂട്ടുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ 21 ശതമാനം വർധനവാണുണ്ടായത്. യാത്രാ ചെലവ് ലാഭിക്കുന്നതിനായി 19 ശതമാനം ജീവനക്കാർ കൂടുതൽ ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ (Work From Home) അനുവാദം തേടുന്നതായും റിപ്പോർട്ട് പറയുന്നു.

ചെലവ് അനിയന്ത്രിതമായി വർധിക്കുമ്പോൾ ഉടമകൾക്ക് മുന്നിൽ മറ്റ് പോംവഴികളില്ലെന്ന് ബിസിനസ് എൻ.എസ്.ഡബ്ല്യു സിഇഒ ഡാനിയൽ ഹണ്ടർ പറഞ്ഞു. “ജീവനക്കാരുടെ ജോലി സമയം കുറയ്ക്കുക എന്നത് ഉടമകൾക്ക് താല്പര്യമില്ലാത്ത കാര്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മറ്റൊരു ഓപ്ഷൻ മുന്നിലില്ല,” അദ്ദേഹം വ്യക്തമാക്കി.

ഡീസൽ ലഭ്യത ഉറപ്പാക്കുക, അമിതവില ഈടാക്കുന്നത് തടയുക, പേറോൾ ടാക്സ് (Payroll Tax) ഉൾപ്പെടെയുള്ള നികുതികളിൽ ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ബിസിനസ് മേഖല സർക്കാരിന് മുന്നിൽ വെക്കുന്നത്. പ്രാദേശിക ബിസിനസുകളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *