ടെൽ അവീവ്: ഇറാനു മേൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ, പശ്ചിമേഷ്യയിൽ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നു. ടെഹ്‌റാനിലും ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രായേൽ ശക്തമായ ബോംബാക്രമണം തുടരുകയാണ്. ഇതിനിടെ, ഇസ്രായേലിനെ പിന്തുണച്ച് യുദ്ധത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വംശജരായ യുവാക്കളും എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പോരാട്ടത്തിനിടയിൽ ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷിൽ (Beit Shemesh) ഇറാൻ നടത്തിയ മിസൈൽ ആക്രമണം വൻ നാശനഷ്ടങ്ങൾ വരുത്തി. ജനവാസ കേന്ദ്രത്തിൽ പതിച്ച മിസൈൽ ഒൻപത് പേരുടെ ജീവനെടുത്തു. അര ടൺ ഭാരമുള്ള വാർഹെഡ് ഘടിപ്പിച്ച മിസൈൽ ബോംബ് ഷെൽട്ടറിന്റെ മേൽക്കൂര തകർത്ത് അകത്തേക്ക് പതിക്കുകയായിരുന്നു. എന്നാൽ ഷെൽട്ടറിന് പുറത്തുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടതെന്നും അകത്തുണ്ടായിരുന്ന ഭൂരിഭാഗം പേരും അത്ഭുതകരമായി രക്ഷപ്പെട്ടെന്നുമാണ് വിവരം.
ഈ ആക്രമണ ബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾക്കും സൈനിക നീക്കങ്ങൾക്കുമായി മെൽബണിൽ നിന്നുള്ള ‘N’ എന്ന് അറിയപ്പെടുന്ന ഇരുപത്തിയഞ്ചുകാരനായ ഓസ്‌ട്രേലിയൻ സൈനികനും ‘T’ എന്ന് അറിയപ്പെടുന്ന യുവതിയും എത്തിയതായി സെവൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. സുരക്ഷാ കാരണങ്ങളാൽ ഇവരുടെ പൂർണ്ണ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. “ഇത് തികച്ചും അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയാണ്, എങ്കിലും ഞങ്ങളുടെ ജോലിയുടെ ഭാഗമാണിത്. ഇതിനുവേണ്ടിയാണ് ഞങ്ങൾ ഇത്രയും കാലം പരിശീലനം നേടിയത്,” സൈനികനായ ‘N’ മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധം തുടരുമെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുന്നതോടെ മേഖലയിൽ ഇനിയും ശക്തമായ പ്രത്യാക്രമണങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.

