ജൂതവിരുദ്ധ പ്രചാരകര്‍ക്ക് കനത്ത നടപടി നേരിടേണ്ടി വരുമെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മീഷണര്‍,പരിശോധനകള്‍ ശക്തമാക്കി

സിഡ്നി: ബോണ്ടായ് ബീച്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട ‘ഓപ്പറേഷന്‍ ആര്‍ക്യുസ്’ (Op Arqu-e-s) അന്വേഷണം ഊര്‍ജിതമായി തുടരുന്നതിനൊപ്പം, ജൂതവിരുദ്ധത പ്രചരിപ്പിക്കുന്ന ‘വിദ്വേഷ പ്രസംഗകര്‍’ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് (A-F-P) കമ്മീഷണര്‍ ക്രിസി ബാരറ്റ്. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നലെ വരെ വിവിധയിടങ്ങളില്‍ റെയ്ഡുകള്‍ നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലും വിദേശത്തും പരിശോധനകള്‍ തുടരുകയാണ്. പ്രതിയുടെ ആശയവിനിമയങ്ങളും ബന്ധങ്ങളും കണ്ടെത്തി, ഈ ശൃംഖലയിലുള്ള മറ്റുള്ളവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എന്‍എസ്ഡബ്ല്യു ജോയിന്റ് കൗണ്ടര്‍ ടെററിസം ടീം (JCTT) ശ്രമിക്കുന്നു.


59 കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ട 24 വയസ്സുകാരന്‍ എന്‍എസ്ഡബ്ല്യു (NSW) ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ തുടരുന്നു. പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച് വിചാരണ ഉറപ്പാക്കുകയാണ് പോലീസിന്റെ പ്രഥമ പരിഗണന. ജൂതസമൂഹത്തിനെതിരെ വിഷലിപ്തമായ ഭാഷ ഉപയോഗിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നിലവിലെ നിയമത്തിലെ പരിധികള്‍ (threshold) കുറയ്ക്കുന്നത് എഎഫ്പിക്ക് കൂടുതല്‍ അധികാരം നല്‍കും. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്നും കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ 12 മാസമായി തുടരുന്ന ‘ഓപ്പറേഷന്‍ അവലൈറ്റ്’ (Operation Avalite) ദേശീയ സുരക്ഷാ അന്വേഷണ സംഘവുമായി ലയിപ്പിച്ചു. വിദ്വേഷ പ്രസംഗകര്‍ ഉപയോഗിക്കുന്ന ഭാഷ നിരീക്ഷിക്കുന്നതിനൊപ്പം ഉദ്യോഗസ്ഥര്‍ക്ക് ജൂതവിരുദ്ധത തിരിച്ചറിയുന്നതിനുള്ള പ്രത്യേക പരിശീലനവും നല്‍കിവരുന്നു.

ജൂതസമൂഹത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും കമ്മീഷണര്‍ ഉറപ്പ് നല്‍കി. ജൂത നേതാക്കളുമായുള്ള സഹകരണത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *