കാന്‍ബറ: ഓസ്ട്രേലിയയിലെ പെന്‍ഷന്‍ (Sup-er-annu-a-tion), സാമ്പത്തിക സേവന മേഖലകളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി അല്‍ബാനീസ് സര്‍ക്കാര്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നു. സാമ്പത്തിക സേവന മന്ത്രി ഡോ. ഡാനിയല്‍ മുലിനോയാണ് ഈ പ്രഖ്യാപനം നടത്തിയത്.
തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. ‘ഷീല്‍ഡ്’, ‘ഫസ്റ്റ് ഗാര്‍ഡിയന്‍ മാസ്റ്റര്‍ ഫണ്ടുകള്‍’ എന്നിവയുമായി ബന്ധപ്പെട്ടുണ്ടായ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഉയര്‍ന്ന റിസ്‌ക്കുള്ള നിക്ഷേപ പദ്ധതികളിലേക്ക് മാറ്റുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്‌കാരങ്ങള്‍.
ഉപഭോക്തൃ സുരക്ഷ ഉറപ്പു വരുത്തും.പെന്‍ഷന്‍ ഫണ്ടുകള്‍ മാറ്റുന്നതിന് മുന്‍പ് ഉപഭോക്താക്കള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും,തട്ടിപ്പുകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
സാമ്പത്തിക തട്ടിപ്പുകള്‍ മൂലം നഷ്ടം സംഭവിക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര പദ്ധതിയായ C-S-L-R-നെ ശക്തിപ്പെടുത്തുന്നതിനായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 47.3 മില്യണ്‍ ഡോളറിന്റെ പ്രത്യേക ലെവി ഏര്‍പ്പെടുത്തും.
ഈ വിഷയത്തില്‍ വ്യവസായ പ്രമുഖരുമായും ഉപഭോക്തൃ സംഘടനകളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 2026-ന്റെ തുടക്കത്തില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്കായി പൊതുജനാഭിപ്രായം തേടും.ഓസ്ട്രേലിയന്‍ സാമ്പത്തിക മേഖലയിലുള്ള ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താനും, വിരമിക്കല്‍ കാലം സുരക്ഷിതമാക്കാനുമാണ് ഈ നടപടികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

