മെൽബൺ: പൂർണ്ണമായും ഓസ്‌ട്രേലിയയിൽ ചിത്രീകരിച്ച പുതിയ മലയാളം ചലച്ചിത്രം ‘വിദൂരം’ പ്രദർശനത്തിന് ഒരുങ്ങുന്നു.കാൻബെറയിൽ നടന്ന ആദ്യ രണ്ട് പ്രദർശനങ്ങളും വൻ വിജയമായതിനെ ത്തുടർന്നാണ് ചിത്രം ഓസ്‌ട്രേലിയയിലെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും എത്തുന്നത്.മാജിക് ബോക്സ് മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രം ഒരു ഫാമിലി ഡ്രാമ – സസ്പെൻസ് ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. രാജേഷ് വിജയ് രചന നിർവ്വഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാകേഷ് വി.ആർ ആണ്.
2024-ലെ കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവായ രാജേഷ് വിജയ് ആണ് ചിത്രത്തിന്റെ രചനയും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത്. രമേഷ് വി.ആർ ആണ് സംഗീത സംവിധാനം. പ്രശസ്ത ഗായകൻ ജാസി ഗിഫ്റ്റ് ആലപിച്ച ചിത്രത്തിലെ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും രാജേഷ് വിജയുടേതാണ്. സജി ശ്രീവത്സം, ഫെലിക്സ് ജോഫ്രി എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്. ശ്രീജിത്ത് ഗംഗാധരൻ, ഷാരോൺ റോസ് ബിജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ അനിൽ ജോർജ്ജ് എബ്രഹാം, സൗജന്യ കസിന തുടങ്ങി നിരവധി ഓസ്‌ട്രേലിയൻ മലയാളി താരങ്ങൾ അണിനിരക്കുന്നു.
സംവിധായകൻ രാകേഷ് വി.ആർ തന്നെയാണ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്. അനിൽ തങ്കപ്പൻ സംഭാഷണവും അമൽജിത്ത് എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി സിഡ്നി,മെൽബൺ,കാൻബറ,ബ്രിസ്‌ബേൻ,ഗോൾഡ് കോസ്റ്റ്, ന്യൂ കാസിൽ എന്നീ നഗരങ്ങളിൽ ‘വിദൂരം’ പ്രദർശിപ്പിക്കും.ഓസ്‌ട്രേലിയയിലെ മലയാളി കൂട്ടായ്മകൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ഈ ചിത്രം ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്.

