കാൻബറ: ഇറാനെതിരെയുള്ള യുദ്ധത്തിൽ പങ്കുചേരാനുള്ള സാധ്യതകൾ ആരാഞ്ഞ് ഓസ്‌ട്രേലിയൻ പ്രതിരോധ സേനയുടെ തയ്യാറെടുപ്പുകൾ ആരംഭിച്ചു. കരയുദ്ധത്തിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് ആൽബനീസ് സർക്കാർ ആവർത്തിക്കുമ്പോഴും, ബ്രിസ്‌ബേൻ ആസ്ഥാനമായുള്ള സൈന്യത്തിന്റെ ഫസ്റ്റ് ഡിവിഷനോട് മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കപ്പെടാനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാൻ സൈനിക നേതൃത്വം നിർദ്ദേശം നൽകി. യുദ്ധത്തിൽ ഓസ്‌ട്രേലിയയുടെ പങ്കാളിത്തം സംബന്ധിച്ച് സർക്കാരിന് മുന്നിൽ വിവിധ ബദൽ മാർഗ്ഗങ്ങൾ സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
നിലവിൽ സമാധാന സേനയായോ അതോ മറ്റ് പിന്തുണ നൽകുന്ന വിഭാഗമായോ ആണോ സേനയെ വിന്യസിക്കുക എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ, ആകാശയുദ്ധം വൈകാതെ തന്നെ ഒരു കരയുദ്ധത്തിലേക്ക് നീങ്ങുമെന്നും അമേരിക്കൻ സൈന്യം ഉടൻ ഇറാൻ മണ്ണിൽ ഇറങ്ങുമെന്നുമാണ് മുൻ ഓസ്‌ട്രേലിയൻ സ്ഥാനപതി ജോ ഹോക്കി പ്രവചിക്കുന്നത്. ഏകദേശം പത്ത് ലക്ഷത്തോളം സൈനികരുള്ള ഇറാന്റെ ഭൂപ്രകൃതി അമേരിക്കൻ സഖ്യസേനയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
അതേസമയം, ഇറാന്റെ ആക്രമണത്തിന് ഇരയായ 15 രാജ്യങ്ങൾ ഓസ്‌ട്രേലിയയോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി പെണ്ണി വോങ് വ്യക്തമാക്കി. ഇറാനിൽ ഭരണം മാറണമെന്നാണ് ആഗ്രഹമെങ്കിലും തങ്ങളുടെ സൈന്യത്തെ യുദ്ധഭൂമിയിലേക്ക് അയക്കില്ലെന്ന് അവർ ആവർത്തിച്ചു. എന്നാൽ, നിലവിൽ തന്നെ അമേരിക്കൻ യുദ്ധക്കപ്പലുകളിൽ ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ശ്രീലങ്കയ്ക്ക് സമീപം ഇറാന്റെ യുദ്ധക്കപ്പലായ ‘ദേന’ മുക്കിയ അമേരിക്കൻ അന്തർവാഹിനിയിൽ മൂന്ന് ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു എന്നത് ഈ യുദ്ധത്തിൽ ഓസ്‌ട്രേലിയയുടെ പരോക്ഷ സാന്നിധ്യം വ്യക്തമാക്കുന്നു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയ യുദ്ധത്തെ പിന്തുണയ്ക്കുന്നത്.

