ഇന്ധന വിതരണത്തിൽ നേരിടുന്ന അനിശ്ചിതത്വം; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സിംഗപ്പൂരിലേക്ക്

സിഡ്‌നി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധന വിതരണത്തിൽ നേരിടുന്ന അനിശ്ചിതത്വം പരിഹരിക്കാൻ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് സിംഗപ്പൂർ സന്ദർശിക്കുന്നു. ഏപ്രിൽ 9 മുതൽ 11 വരെ നീളുന്ന സന്ദർശനത്തിൽ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങുമായി അദ്ദേഹം നിർണ്ണായക ചർച്ചകൾ നടത്തും.

ഡീസൽ, ദ്രവീകൃത പ്രകൃതിവാതകം (LNG) തുടങ്ങിയ അത്യാവശ്യ ഇന്ധനങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുകയാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. ഓസ്‌ട്രേലിയക്കാരുടെ ജീവിതത്തെയും രാജ്യത്തെ ഇന്ധനവിലയെയും ബാധിക്കുന്ന ആഗോള ഊർജ്ജ ആഘാതങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

നിലവിൽ ഓസ്‌ട്രേലിയയിലെ ഇന്ധന നില ഭദ്രമാണെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും, വിതരണ ശൃംഖലയിലെ ഏത് തടസ്സവും നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് നീക്കം. ഓസ്‌ട്രേലിയയുടെ ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരാണ് സിംഗപ്പൂർ. പശ്ചിമേഷ്യയിലെ സംഘർഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തെ ബാധിക്കുമോ എന്ന ആശങ്ക ഇരുരാജ്യങ്ങളും പങ്കുവെച്ചു.

കഴിഞ്ഞ മാസം ഇന്ധന സുരക്ഷയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ഉന്നതതല സന്ദർശനം. ഇന്ധന നികുതി പകുതിയായി കുറച്ചതടക്കമുള്ള നടപടികളിലൂടെ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയൻ സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *