സിഡ്നി: കാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കണ്ടെത്തലുകളുമായി ഓസ്ട്രേലിയന്‍ ഗവേഷകര്‍. സിഡ്നിയിലെ ഗാര്‍വന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞരാണ് 2025-ല്‍ സ്തനാര്‍ബുദ ചികിത്സയില്‍ നിര്‍ണായകമായ മുന്നേറ്റങ്ങള്‍ നടത്തിയത്. നാഷണല്‍ ബ്രെസ്റ്റ് കാന്‍സര്‍ ഫൗണ്ടേഷന്റെ 25 മില്യണ്‍ ഡോളര്‍ ഗ്രാന്റിന്റെ സഹായത്തോടെയാണ് ഈ ഗവേഷണം നടക്കുന്നത്.
ഓസ്ട്രേലിയയില്‍ 85 വയസ്സിനുള്ളില്‍ അഞ്ചില്‍ രണ്ട് പേര്‍ക്ക് വീതം കാന്‍സര്‍ ബാധിക്കുന്നുണ്ടെന്നും, പ്രതിദിനം 146 പേര്‍ മരിക്കുന്നുണ്ടെന്നുമാണ് കണക്കുകള്‍. എന്നാല്‍ പുതിയ കണ്ടെത്തലുകള്‍ മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. അസോസിയേറ്റ് പ്രൊഫസര്‍ ക്രിസ്റ്റിന്‍ ചാഫര്‍, പ്രൊഫസര്‍ അലക്‌സാണ്ടര്‍ സ്വാര്‍ബ്രിക്ക് എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം പുരോഗമിക്കുന്നത്.
കീമോതെറാപ്പിയെ പ്രതിരോധിക്കാനുള്ള കാന്‍സര്‍ കോശങ്ങളുടെ ശേഷി തടയാനുള്ള വഴിയാണ് ക്രിസ്റ്റിന്‍ ചാഫറിന്റെ സംഘം കണ്ടെത്തിയത്. ചികിത്സയ്ക്ക് ശേഷം വീണ്ടും വരുന്ന, ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമുള്ള ‘ട്രിപ്പിള്‍ നെഗറ്റീവ്’ സ്തനാര്‍ബുദങ്ങള്‍ക്കെതിരെ ഇത് ഫലപ്രദമാകുമെന്ന് കരുതപ്പെടുന്നു.
സ്തനാര്‍ബുദത്തിലെ വിവിധതരം കോശങ്ങളെ തിരിച്ചറിയുന്നതിനായി ലോകത്തിലെ തന്നെ ഏറ്റവും വിശദമായ ‘സെല്‍ മാപ്പ്’ തയ്യാറാക്കുകയാണ് അലക്‌സാണ്ടര്‍ സ്വാര്‍ബ്രിക്കിന്റെ ലക്ഷ്യം. ട്യൂമറുകള്‍ വളരുന്നതും ചികിത്സയോട് പ്രതികരിക്കുന്നതും എങ്ങനെയെന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കും.
രോഗം നേരത്തെ കണ്ടുപിടിക്കുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്നും അതിനാല്‍ കൃത്യമായ പരിശോധനകള്‍ നടത്തണമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിച്ചു.

