സിഡ്‌നി: പ്രതിഷേധത്തിന്റെ ഭാഗമായി ബുര്‍ഖ ധരിച്ച് സെനറ്റിലെത്തിയ ഓസ്‌ട്രേലിയന്‍ സെനറ്റര്‍ക്ക് സസ്‌പെന്‍ഷന്‍. സെനറ്റര്‍ പോളിന്‍ ഹാന്‍സിനെയാണ് സഭയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്. ഓസ്‌ട്രേലിയയിലെ പൊതു സ്ഥലങ്ങളില്‍ ബുര്‍ഖയും അതുപോലെ മുഖം മറയുന്ന മറ്റു വസ്ത്രങ്ങളും നിരോധിക്കണം എന്ന ആവശ്യമുയര്‍ത്തി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റ് അതിന് അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സെനറ്റര്‍ ബുര്‍ഖ ധരിച്ച് പാര്‍ലമെന്റില്‍ എത്തിയത്.
എഴുപത്തൊന്നുകാരിയായ പോളിന്‍ ഹാന്‍സന്‍ മുസ്ലിം വിരുദ്ധ-കുടിയേറ്റ വിരുദ്ധ പ്രസ്ഥാനമായ വണ്‍നേഷന്റെ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമാണ്. പാര്‍ലമെന്റിനെ അധിക്ഷേപിക്കുന്ന പ്രവര്‍ത്തനമാണ് ഇവര്‍ നടത്തിയതെന്നും അതിനു ക്ഷമാപണം നടത്തണമെന്നും സഭ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ പോളിന്‍ അതിനു തയാറായതേയില്ല. അതേ തുടര്‍ന്നാണ സസ്‌പെന്‍ഷനിലേക്ക് കാര്യങ്ങള്‍ എത്തിയത്.
ഇവരുടെ നടപടിയില്‍ മുസ്ലിം സെനറ്റ് അംഗങ്ങള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. സെനറ്ററുടെ വിദ്വേഷ ജനകമായ പ്രവര്‍ത്തനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രി പെനി വോങ് പ്രതികരിച്ചിരുന്നു.

