ഹോബാർട്ട്: ദുബായിലെ അൽ മിൻഹാദ് എയർബേസിന് സമീപം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഓസ്‌ട്രേലിയൻ സൈനികർക്ക് പരിക്കില്ലെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസി സ്ഥിരീകരിച്ചു. എയർബേസിലേക്കുള്ള റോഡിലാണ് മിസൈൽ പതിച്ചതെന്നും ആ സമയത്ത് ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥർ അവിടെ നിലയുറപ്പിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ടാസ്മാനിയയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യങ്ങൾക്ക് നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മിസൈൽ പതിച്ചതിനെത്തുടർന്നുണ്ടായ ചെറിയ തീപിടുത്തത്തിൽ താമസസൗകര്യങ്ങൾക്കും മെഡിക്കൽ സൗകര്യങ്ങൾക്കും കേടുപാടുകൾ പറ്റി. എങ്കിലും സൈനികരെല്ലാവരും സുരക്ഷിതരാണെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. മേഖലയിൽ ഇറാൻ നടത്തുന്ന ഇത്തരം ലക്ഷ്യബോധമില്ലാത്ത ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. പ്രതിരോധ മന്ത്രിയുമായി വിഷയം സംസാരിച്ചതായും ഗൾഫ് മേഖലയിലുടനീളം ഇറാൻ ഭരണകൂടം പ്രകോപനം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് നഗരമധ്യത്തിൽ നിന്ന് 24 കിലോമീറ്റർ അകലെയുള്ള അൽ മിൻഹാദ് എയർബേസ് ഈ മാസമാദ്യം മുതൽ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളുടെ ലക്ഷ്യസ്ഥാനമാണ്. നിലവിൽ നൂറോളം ഓസ്‌ട്രേലിയൻ സൈനികർ പശ്ചിമേഷ്യയിലുണ്ട്, അതിൽ ഭൂരിഭാഗവും യുഎഇയിലെ അൽ മിൻഹാദ് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഈ മാസം മൂന്നിന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം ശക്തമാക്കിയിരുന്നു.

