കാൻബറ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുള്ള ക്യാമ്പുകളിൽ കഴിയുന്ന 34 ഓസ്ട്രേലിയക്കാരെ തിരിച്ചെത്തിക്കാൻ സഹായിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ നിർദ്ദേശം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസി തള്ളി. ഈ വിഷയത്തിൽ പ്രതിപക്ഷത്തിന് ഗൗരവകരമായ പദ്ധതികളൊന്നുമില്ലെന്നും നിലവിലുള്ള നിയമങ്ങൾ മുൻ സഖ്യകക്ഷി സർക്കാർ തന്നെ നടപ്പിലാക്കിയതാണെന്നും അദ്ദേഹം പരിഹസിച്ചു.
11 സ്ത്രീകളും 23 കുട്ടികളുമടങ്ങുന്ന സംഘം ഈ മാസം ആദ്യം ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭീകര സംഘടനകളുമായി ബന്ധമുള്ളവരെ സഹായിക്കുന്ന ‘ഭീകരവാദ അനുഭാവികൾക്ക്’ എതിരെ നിയമനിർമ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്ലർ പ്രഖ്യാപിച്ചത്. മാർച്ച് 10-ന് പാർലമെന്റ് ചേരുമ്പോൾ ഈ ബിൽ അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഓസ്ട്രേലിയൻ ജീവിതരീതി സംരക്ഷിക്കാൻ ഈ നിയമം അത്യാവശ്യമാണെന്ന് ടെയ്ലർ വാദിക്കുന്നു.
അതേസമയം, സംഘത്തിലുള്ള 33 പേരും ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് എഎസ്ഐഒ (ASIO) കരുതുന്നില്ലെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി. ഇവർക്കെല്ലാം ഓസ്ട്രേലിയൻ പാസ്പോർട്ട് ഉണ്ടെന്നും നിയമപരമായി അവരെ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവർ മടങ്ങിയെത്തുകയാ ണെങ്കിൽ മൂന്നിലൊന്ന് ഭാഗം ആളുകളെയും ന്യൂ സൗത്ത് വെയിൽസിൽ താമസിപ്പിക്കാൻ തയ്യാറാണെന്ന് എൻഎസ്ഡബ്ല്യു പ്രീമിയർ ക്രിസ് മിൻസ് അറിയിച്ചു. കുട്ടികളുടെ കാര്യത്തിൽ തനിക്ക് സഹതാപമുണ്ടെന്നും അവർക്ക് വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിറിയൻ ക്യാമ്പുകളിലെ കുട്ടികൾ ഐഎസിന്റെ ഇരകളാണെന്നും അവരുടെ മാതാപിതാക്കൾ ചെയ്ത തെറ്റിന് കുട്ടികളെ ശിക്ഷിക്കരുതെന്നും ഗ്രീൻസ് സെനറ്റർ ഡേവിഡ് ഷോബ്രിഡ്ജ് പറഞ്ഞു. 2020-ൽ കുട്ടികളെ തിരിച്ചെത്തിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എടുത്ത മാനുഷികമായ നിലപാട് പോലും ഇപ്പോഴത്തെ നേതാക്കൾ കാണിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
കുട്ടികളെ അപകടകരമായ മരുഭൂമിയിലെ ക്യാമ്പുകളിൽ ഉപേക്ഷിക്കരുതെന്നും ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കാതെ മാനുഷിക പരിഗണന നൽകണമെന്നും ‘സേവ് ദ ചിൽഡ്രൻ ഓസ്ട്രേലിയ’ ആവശ്യപ്പെട്ടു. സഹായം നൽകുന്നതിനെ കുറ്റകരമാക്കാനുള്ള നീക്കം അസാധാരണമാണെന്നും സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് മാറ്റ് ടിങ്ക്ലർ പറഞ്ഞു.

