ലോക സാമ്പത്തിക വളര്‍ച്ചയില്‍ മന്ദഗതി ഉണ്ടെങ്കിലും 2026-ല്‍ ഓസ്ട്രേലിയയുടെ സാമ്പത്തിക രംഗം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ ആഭ്യന്തര ഉപഭോഗം വര്‍ധിക്കുന്നതും വേതന വര്‍ധനവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വരും വര്‍ഷങ്ങളില്‍ ജിഡിപി നിരക്ക് 2.2 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രവചനം.
ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ ഏറ്റവും പുതിയ ‘വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്‌പെക്ട്‌സ് 2026’ (WESP) റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍ സൂരിപ്പിക്കുന്നതു പ്രകാരം ഓസ്ട്രേലിയന്‍ സമ്പദ്വ്യവസ്ഥയില്‍ വന്‍ മുന്നേറ്റം ഉണ്ടാകും.ആഗോള സമ്പദ്വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുമ്പോഴും ഓസ്ട്രേലിയയുടെ വളര്‍ച്ചാ നിരക്ക് വരും വര്‍ഷങ്ങളില്‍ മെച്ചപ്പെടുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രവചനം. 2025-ല്‍ ഏകദേശം 1.8% ആയിരുന്ന രാജ്യത്തിന്റെ ജിഡിപി (G-D-P) വളര്‍ച്ച, 2026-ല്‍ 2.2% ആയും 2027-ല്‍ 2.4% ആയും ഉയരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്തെ തൊഴില്‍ വിപണി കരുത്തുറ്റതായി തുടരുന്നതും വേതനത്തിലുണ്ടായ വര്‍ധനവും ജനങ്ങളുടെ വാങ്ങല്‍ ശേഷി ഉയര്‍ത്തിയിട്ടുണ്ട്. ഇതാണ് വളര്‍ച്ചയ്ക്ക് പ്രധാന ഇന്ധനമാകുന്നത്.പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയ സ്വീകരിച്ച നയങ്ങള്‍ ഫലം കാണുന്നുണ്ട്. വരും മാസങ്ങളില്‍ പലിശ നിരക്കുകളില്‍ ഇളവുണ്ടാകുന്നത് നിക്ഷേപ മേഖലയ്ക്ക് ഉണര്‍വ് നല്‍കും.
ആഗോള സാമ്പത്തിക വളര്‍ച്ച 2026-ല്‍ 2.7 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെങ്കിലും, ഓസ്ട്രേലിയയും ദക്ഷിണ കൊറിയയും ഉള്‍പ്പെടെയുള്ള പസഫിക് മേഖലയിലെ രാജ്യങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എങ്കിലും ചില പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതായി യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.പാര്‍പ്പിട മേഖലയിലെ ഉയര്‍ന്ന ചിലവ് സാധാരണക്കാരുടെ ബജറ്റിനെ ഇപ്പോഴും ബാധിക്കുന്നുണ്ട്.ആഗോളതലത്തില്‍ നിലനില്‍ക്കുന്ന വ്യാപാര തര്‍ക്കങ്ങളും താരിഫ് മാറ്റങ്ങളും കയറ്റുമതി മേഖലയെ സ്വാധീനിച്ചേക്കാം.ചുരുക്കത്തില്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായുള്ള മന്ദഗതിയില്‍ നിന്ന് മാറി ഓസ്ട്രേലിയന്‍ സമ്പദ്വ്യവസ്ഥ കൂടുതല്‍ സുസ്ഥിരമായ പാതയിലേക്ക് നീങ്ങുന്നു എന്നാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

