ഓസ്‌ട്രേലിയയിൽ ഇന്ധന പ്രതിസന്ധി അതീവ ഗുരുതരമാകുന്നു ; 550-ലധികം സർവീസ് സ്റ്റേഷനുകളിൽ സ്റ്റോക്ക് തീർന്നു

കാൻബെറ: മിഡിൽ ഈസ്റ്റിലെ യുദ്ധത്തെത്തുടർന്ന് ഓസ്‌ട്രേലിയയിൽ ഇന്ധന പ്രതിസന്ധി അതീവ ഗുരുതരമാകുന്നു. രാജ്യത്തെ 550-ലധികം സർവീസ് സ്റ്റേഷനുകളിൽ ഇന്ധന ശേഖരം പൂർണ്ണമായോ ഭാഗികമായോ തീർന്നതായി ഊർജ്ജ മന്ത്രി ക്രിസ് ബോവൻ അറിയിച്ചു. ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൊതുഗതാഗത നിരക്കുകൾ കുറയ്ക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് ന്യൂ സൗത്ത് വെയ്‌ൽസിലാണ്; ഇവിടെ 289 സ്റ്റേഷനുകളിൽ ഇന്ധനമില്ല. വിക്ടോറിയയിൽ 162-ഉം, ക്വീൻസ്‌ലൻഡിൽ നൂറോളം സ്റ്റേഷനുകളിലും സമാനമായ അവസ്ഥയാണ്. സൗത്ത് ഓസ്‌ട്രേലിയയിൽ 46 സ്റ്റേഷനുകളിലും വെസ്റ്റേൺ ഓസ്‌ട്രേലിയയിലും ടാസ്മാനിയയിലും ചുരുക്കം ചിലയിടങ്ങളിലും ഇന്ധനക്ഷാമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യം പരിഭ്രാന്തി മൂലമുള്ള വാങ്ങലുകൾ (Panic buying) കൊണ്ടാണെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടാൽ സ്ഥിതി ഇനിയും വഷളാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇന്ധന ലഭ്യത ഉറപ്പാക്കാൻ റേഷനിംഗ് ഏർപ്പെടുത്തേണ്ടി വന്നാൽ അത് എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ നടപ്പിലാക്കണമെന്ന് ന്യൂ സൗത്ത് വെയ്‌ൽസ് പ്രീമിയർ ക്രിസ് മിൻസ് പറഞ്ഞു. അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ ദേശീയ തലത്തിൽ ഏകീകൃതമായ ഒരു നയം ആവശ്യമാണ്. വർക്ക് ഫ്രം ഹോം രീതി വ്യാപകമാക്കുന്നതും ഇന്ധന റേഷനിംഗും സർക്കാരിന്റെ പരിഗണനയിലുണ്ട്.

ഇന്ധനവില കുറയ്ക്കുന്നതിനായി എക്സൈസ് ഡ്യൂട്ടി (Fuel Excise) താൽക്കാലികമായി നിർത്തലാക്കില്ലെന്ന് ട്രഷറർ ജിം ചാൽമേഴ്സ് വ്യക്തമാക്കി. പകരം, ദേശീയ ഇന്ധന ശേഖരത്തിൽ നിന്ന് ദശലക്ഷക്കണക്കിന് ലിറ്റർ ഇന്ധനം വിപണിയിലെത്തിക്കാനും ഇന്ധന ഗുണനിലവാര മാനദണ്ഡങ്ങളിൽ താൽക്കാലിക ഇളവ് വരുത്താനും സർക്കാർ തീരുമാനിച്ചു. ജനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത രീതിയിലുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *