ഇറാനിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം

ഇറാനിലെ ആഭ്യന്തര സാഹചര്യം മോശമാകുന്ന പശ്ചാത്തലത്തില്‍, അങ്ങോട്ടുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും തങ്ങളുടെ വിമാനങ്ങളുടെ റൂട്ടുകള്‍ മാറ്റി നിശ്ചയിച്ചു.ഇറാനില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആരംഭിച്ച ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരുകയാണ്. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ മരണസംഖ്യ ഉയരുന്നത് രാജ്യാന്തര തലത്തില്‍ ആശങ്കയുണ്ടാക്കുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഇറാന്‍ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. ഇത് വിമാന സര്‍വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.മേഖലയില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്നതും യുഎസ് ആക്രമണ ഭീഷണിയും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.നിലവില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ (വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍, ബിസിനസ്സുകാര്‍) ലഭ്യമായ വിമാന സര്‍വീസുകള്‍ ഉപയോഗിച്ച് എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവിടെ തുടരുന്നവര്‍ ഉടന്‍ തന്നെ ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.പ്രക്ഷോഭങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും പ്രാദേശിക വാര്‍ത്തകള്‍ ശ്രദ്ധിക്കാനും നിര്‍ദ്ദേശമുണ്ട്.

എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഇറാന്‍ വ്യോമപാത ഒഴിവാക്കി ബദല്‍ റൂട്ടുകളിലൂടെയാണ് നിലവില്‍ സര്‍വീസുകള്‍ നടത്തുന്നത്. ഇത് യാത്രാ സമയം 45 മിനിറ്റ് മുതല്‍ 2 മണിക്കൂര്‍ വരെ കൂടാന്‍ കാരണമാകുന്നു. റൂട്ട് മാറ്റാന്‍ കഴിയാത്ത ചില അന്താരാഷ്ട്ര സര്‍വീസുകള്‍ (പ്രത്യേകിച്ച് യുഎസ് ഭാഗത്തേക്കുള്ളവ) എയര്‍ ഇന്ത്യ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

സഹായത്തിനായി: ഇറാനിലെ ഇന്ത്യന്‍ എംബസി അടിയന്തര ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ (+989128109115, +989128109109) സജ്ജമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *