‘അനാവശ്യ യാത്രകൾ ഒഴിവാക്കുക’; ഇറാൻ സംഘർഷത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

ടെൽഅവീവ്: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് ഇന്ത്യ. ഇസ്രയേലിലെ ഇന്ത്യൻ എംബസ്സിയാണ് ജാഗ്രതാനിർദേശം നൽകിയിട്ടുള്ളത്. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇന്ത്യൻ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.

“മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇസ്രയേലിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണം. ഇസ്രയേൽ അധികൃതരും ഹോം ഫ്രണ്ട് കമാൻഡും പുറപ്പെടുവിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പ്രോട്ടോക്കോളുകളും കർശനമായി പാലിക്കണം. ഇസ്രയേലിലേക്കുള്ള എല്ലാ അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇന്ത്യൻ പൗരന്മാരോട് നിർദേശിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ, ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസിയുടെ 24×7 ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാം: ടെലിഫോൺ: +972-54-7520711; +972-54-3278392,” വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പിൽ വ്യക്തമാക്കി.

ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഇസ്രയേലിലെ ഇന്ത്യൻ പൗരർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇറാനിലെ ഇന്ത്യൻ എംബസി ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്കായി ബുധനാഴ്ച സമാനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇറാനിൽ അമേരിക്കൻ ഇടപെടലിനും സൈനിക നടപടികൾക്കും സാധ്യത നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *