വില കൂട്ടുമ്പോൾ ഇങ്ങനെ കൂട്ടണം, പുതിയ വിലയിട്ട് ബജാജ്

തൊണ്ണൂറുകളിൽ ജനിച്ചവരുടെ മനസിൽ പ്രത്യേക സ്ഥാനമുള്ള മോട്ടോർസൈക്കിളുകളാണ് ബജാജ് പൾസർ. ഇപ്പോൾ 125 സിസി മുതൽ 400 സിസി വരെയുള്ള നിരയിൽ മിന്നിത്തിളങ്ങുന്ന പൾസറുകൾ യൂത്തൻമാർക്കിടയിലെ നിറസാന്നിധ്യമാണ്. താങ്ങാനാവുന്ന വിലയും യൂത്ത്ഫുൾ ഡിസൈനും കുറഞ്ഞ മെയിൻ്റനെൻസുമെല്ലാം ആളുകളെ ഇപ്പോഴും ബജാജിൻ്റെ ഇതിഹാസത്തിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ഇപ്പോഴിതാ പുതുവർഷത്തോട് അനുബന്ധിച്ച് പൾസർ നിരയിൽ വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് കമ്പനി.

ഉൽപ്പാദനച്ചെലവ് ഉയർന്നതോടെയാണ് ഇത്തരത്തിലൊരു കടുംകൈ ഉപഭോക്താക്കളോട് ചെയ്യാൻ കമ്പനി നിർബന്ധിതരായത്. പക്ഷേ 461 രൂപ മുതൽ 1,460 രൂപ വരെ മാത്രമാണ് വില കൂട്ടിയിരിക്കുന്നത് എന്നത് ആളുകളെ നേരിട്ട് ബാധിക്കാനിടയില്ല.

എൻട്രി ലെവൽ ബജാജ് പൾസർ 125 മോഡലിന് 778 രൂപ മുതൽ 1,020 രൂപ വരെയാണ് വില വർധനവ്. നിയോൺ സിംഗിൾ സീറ്റ് വേരിയൻ്റിന് 891 രൂപ വർധിച്ചു. പൾസർ N125 പതിപ്പിൻ്റെ വിലയിൽ മാറ്റമൊന്നുമില്ലെങ്കിലും പൾസർ NS125 മോഡലിൻ്റെ വില 461 രൂപ മുതൽ 1,460 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്.പൾസർ ബൈക്കുകളിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണ് പൾസർ 150 എന്നതിനാഷ ഇതിൻ്റെ വിലയിൽ മാറ്റമൊന്നുമില്ല.

പൾസർ N160 മോഡലിൻ്റെ കാര്യത്തിലേക്ക് വന്നാൽ 702 രൂപയുടെ മാറ്റമാണ് ഇതിന്വില വർധനവ് സംഭവിച്ചിരിക്കുന്നത്. അതേസമയം ബജാജിൻ്റെ പൾസർ NS160, NS200, RS200 എന്നീ മൂന്ന് ബൈക്കുകൾക്കും 702 രൂപ വില വർധനവ് നടപ്പിലാക്കിയിട്ടുണ്ട്. പൾസർ 220F മോഡലിന് 696 രൂപയുടെ വിലക്കയറ്റം സംഭവിച്ചു. ക്വാർട്ടർ ലിറ്റർ സെഗ്‌മെന്റിലേക്ക് വരുമ്പോൾ പൾസർ N250 മോഡലിന് 820 രൂപ വില വർധിച്ചിട്ടുണ്ട്.

പൾസർ NS400Z നേക്കഡ് സ്പോർട്‌സ് മോട്ടോർസൈക്കിളിന് 1,036 രൂപയുടെ വില വർധനവ് നടപ്പിലാക്കുകയുണ്ടായി. മുമ്പ് 1,92,794 രൂപയായിരുന്ന വില 1,93,830 രൂപയായിട്ടാണ് ഉയർന്നിരിക്കുന്നത്.ബജാജിൻ്റെ ഈ ചെറിയ രീതിയിലുള്ള വില പരിഷ്ക്കരണം മറ്റ് കമ്പനികളും മാതൃകയാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *