ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ കരുത്തരായ ബജാജ് ഓട്ടോ തങ്ങളുടെ ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലേക്ക് പുതിയ ‘ചേതക് C25’ (Bajaj Chetak C25) മോഡല്‍ അവതരിപ്പിച്ചു.
കുറഞ്ഞ വിലയില്‍ മികച്ച പ്രകടനം ആഗ്രഹിക്കുന്നവര്‍ക്കായിട്ടാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്.തിരക്കേറിയ സിറ്റി റോഡുകളിലൂടെയുള്ള യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ചേതക് C25 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇടുങ്ങിയ വഴികളിലൂടെ അനായാസം ഓടിക്കാന്‍ സാധിക്കുന്ന തരത്തില്‍ ലൈറ്റ്‌വെയിറ്റായാണ് ഇത് പണിതിരിക്കുന്നത്. 107 കിലോഗ്രാം മാത്രം ഭാരമുള്ള ഈ സ്‌കൂട്ടര്‍ ഏതൊരു റൈഡര്‍ക്കും വളരെ എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാന്‍ സാധിക്കുമെന്നത് വലിയ നേട്ടമാണ്.
2.2kW കരുത്തുള്ള മോട്ടോറാണ് ഈ സ്‌കൂട്ടറിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 113 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് ബജാജ് അവകാശപ്പെടുന്നു. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമാണ് ചേതക് C25 ഇലക്ട്രിക് സ്‌കൂട്ടറിന്റെ മറ്റൊരു പ്രത്യേകത. 750W ഓഫ്-ബോര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 2 മണിക്കൂര്‍ 25 മിനിറ്റ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാനും സാധിക്കും.
കയറ്റങ്ങള്‍ അനായാസം കയറുന്നതിനായി ‘ഹില്‍ ഹോള്‍ഡ് അസിസ്റ്റ്’ (Hill Hold Assist) സംവിധാനം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് യാത്രക്കാരുമായി 19 ശതമാനം ചരിവുള്ള കയറ്റങ്ങള്‍ വരെ ഈ സ്‌കൂട്ടര്‍ അനായാസം മറികടക്കും. മറ്റ് ചേതക് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി മുന്നില്‍ ഇരട്ട ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്. ഇത് സുരക്ഷിതമായ യാത്രയും മികച്ച ബ്രേക്കിംഗും ഉറപ്പാക്കുന്നു.
25 ലിറ്റര്‍ വലിപ്പമുള്ള സ്റ്റോറേജ് ബോക്‌സ് (Boot space), കളര്‍ എല്‍സിഡി ഡിസ്‌പ്ലേ, 650 mm നീളമുള്ള സീറ്റ് എന്നിവ ഇതിലുണ്ട്. മഴയെയും പൊടിയെയും പ്രതിരോധിക്കാന്‍ ഐപി67 (IP67) റേറ്റിംഗും കമ്പനി നല്‍കിയിട്ടുണ്ട്.നഗരയാത്രകള്‍ കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ സ്‌കൂട്ടറിന് 91,399 രൂപയാണ് എക്‌സ്-ഷോറൂം വില നിശ്ചയിച്ചിരിക്കുഞ്ഞത്.

