കേരളത്തില്‍ ഏത്തവാഴ കൃഷി കുറഞ്ഞതും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏത്തക്കായയുടെ വന്‍തോതിലുള്ള വരവും കാരണം കേരളത്തിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍.വിപണിയില്‍ പ്രതാപം നഷ്ടപ്പെട്ട ഏത്തക്കായയുടെ വില കുത്തനെ ഇടിഞ്ഞതോടെ നാടന്‍ കര്‍ഷകര്‍ ദുരിതത്തിലായി.പച്ച ഏത്തക്കായക്കും പഴത്തിനും തുച്ഛമായ വില മാത്രമാണ് ലഭിക്കുന്നത്.
കഴിഞ്ഞ മാസം പകുതിയോടെ മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ ഒരു കിലോ ഏത്തക്കായക്ക് 34 രൂപ വരെ വിലയുണ്ടായിരുന്നത് നിലവില്‍ 28 രൂപയിലേക്ക് താഴ്ന്നു. ചില്ലറ വില്‍പന നടത്തുന്ന കടകള്‍ക്ക് നേരിട്ട് നല്‍കിയാല്‍ ഇതിലും കുറഞ്ഞ വിലയേ ലഭിക്കൂ. തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം,കര്‍ണാടകയിലെ മൈസൂരു എന്നിവിടങ്ങളില്‍ നിന്നുള്ള കുലകളാണ് ഇപ്പോള്‍ വിപണിയില്‍ കൂടുതലായി എത്തുന്നത്.ഇത് പ്രാദേശിക കര്‍ഷകരെ രൂക്ഷമായ പ്രതിസന്ധിയിലാക്കി.

റബര്‍ കൃഷി ലാഭകരമല്ലാത്തതിനെ തുടര്‍ന്ന് ഏത്തവാഴ കൃഷിയിലേക്ക് തിരിഞ്ഞ കര്‍ഷകരാണ് ഇതോടെ വീണ്ടും നഷ്ടത്തിലായത്. ഓണക്കാലത്ത് ഭേദപ്പെട്ട വില ലഭിച്ചിരുന്നെങ്കിലും, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏത്തക്കായയുടെ വരവ് വര്‍ധിച്ചതോടെ വിലയിടിവ് സംഭവിക്കുകയായിരുന്നു. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന അന്യസംസ്ഥാന കായകളോട് കച്ചവടക്കാര്‍ക്ക് താല്പര്യം കൂടുന്നതും തിരിച്ചടിയായി. മാര്‍ക്കറ്റില്‍ വില ഇടിഞ്ഞതോടെ, കര്‍ഷകര്‍ക്ക് ഏക ആശ്വാസമായിരുന്ന പ്രാദേശിക കാര്‍ഷിക വിപണന കേന്ദ്രങ്ങളിലും വില കുറഞ്ഞു. വിളവെടുത്ത കൃഷിയില്‍ നഷ്ടം സംഭവിച്ചതോടെ പുതിയ കൃഷിയിറക്കാന്‍ കര്‍ഷകര്‍ മടിക്കുകയാണ്.
ഉത്പാദനച്ചെലവും തൊഴിലാളികള്‍ക്കുള്ള കൂലിയും കുത്തനെ ഉയര്‍ന്നതാണ് മറ്റൊരു പ്രശ്‌നം. കൃഷിക്ക് പാട്ടത്തിനെടുത്തവര്‍ കൂട്ടത്തോടെ പിന്മാറുന്നു. വാഴവിത്തിന് 20-25 രൂപയും തൊഴിലാളികള്‍ക്ക് 750-1000 രൂപയുമാണ് കൂലി. ഈ സാഹചര്യത്തില്‍ ഉത്പാദനച്ചെലവ് കണക്കാക്കുമ്പോള്‍ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്.

കര്‍ഷകര്‍ക്ക് വിലയിടിവ് തിരിച്ചടിയാകുമ്പോള്‍, വഴിയോര കച്ചവടക്കാര്‍ക്ക് ഇത് വലിയ ലാഭമുണ്ടാക്കുന്നു. വിപണിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് കായ വാങ്ങി 2.5 കിലോ 100 രൂപ എന്ന നിരക്കിലാണ് ഇവര്‍ വില്‍ക്കുന്നത്. ഈ അവസരം മുതലെടുത്ത്, പച്ച ഏത്തക്കായ കിലോയ്ക്ക് 50 രൂപ നിരക്കില്‍ വില്‍ക്കുന്നവരുമുണ്ട്.മാര്‍ക്കറ്റില്‍ 22 രൂപയ്ക്ക് ലഭിക്കുന്ന വലുപ്പമുള്ള കായയെക്കാള്‍ തീരെ ചെറുതായ കായകളാണ് ഇവര്‍ ഇത്രയും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നത്. തോട്ടങ്ങളില്‍ ഒടിഞ്ഞു കിടക്കുന്ന കായ്കള്‍ ശേഖരിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന കച്ചവടക്കാരും ധാരാളമുണ്ട്.

