ബോണ്ടി ബീച്ച് കൂട്ടക്കൊല; കൂടുതൽ അതിജീവിതർ തങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കുന്നു

സിഡ്‌നി: ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ട കൂടുതൽ വ്യക്തികൾ തങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കുന്നു. ഇരകളുടെ പേരുവിവരങ്ങൾ അവരുടെ മുൻകൂർ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം സിഡ്‌നിയിലെ ഡൗണിംഗ് സെന്റർ ലോക്കൽ കോടതി ഇന്ന് നീട്ടിനൽകി. വരാനിരിക്കുന്ന മെയ് 6-ലെ ഹിയറിംഗിൽ കൂടുതൽ പേർ ഈ നിയമപരിരക്ഷയ്ക്കായി അപേക്ഷ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

കഴിഞ്ഞ ഡിസംബർ 14-ന് ഹനുക്ക ആഘോഷങ്ങൾക്കിടെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 വയസ്സുകാരി ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടിരുന്നു. നവീദ് അക്രം (24), പിതാവ് സാജിദ് അക്രം (50) എന്നിവരാണ് ആക്രമണം നടത്തിയത്. പിതാവിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. മകൻ നവീദ് അക്രമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ഗോൾബേണിലെ അതിസുരക്ഷാ ജയിലിലാണ്.

കേസ് സംബന്ധിച്ച വാർത്തകളിൽ അതിജീവിച്ചവരുടെ ഐഡന്റിറ്റി സംരക്ഷിക്കാൻ കഴിഞ്ഞ ഡിസംബറിലാണ് കോടതി ആദ്യമായി ഉത്തരവിട്ടത്. മാധ്യമങ്ങളോട് എപ്പോൾ സംസാരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഇരകൾക്ക് നൽകുന്നതായിരുന്നു ഈ ഉത്തരവ്. ഇതിനിടെ തന്റെ അമ്മയുടെയും സഹോദരങ്ങളുടെയും പേരും വിലാസവും പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നവീദ് അക്രം നൽകിയ അപേക്ഷ കഴിഞ്ഞ വ്യാഴാഴ്ച കോടതി തള്ളിയിരുന്നു.

നവീദ് അക്രം ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായിരുന്നില്ല. കേസിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസിന് സമയം അനുവദിച്ചുകൊണ്ട് കേസ് ജൂൺ 10-ലേക്ക് മാറ്റി. കൂട്ടക്കൊലയുടെ ആഘാതത്തിൽ നിന്ന് മുക്തമാകാത്ത അതിജീവിതർക്ക് പരമാവധി നിയമപരിരക്ഷ ഉറപ്പാക്കാനാണ് കോടതിയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *