ധാക്ക: വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനിടെ മാനവരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്ന കുറ്റത്തിന് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ വധ ശിക്ഷ വിധിച്ച മുന്‍ പ്രധാനമന്ത്രിയെ വിട്ടു കിട്ടുന്നതിനായി ഇന്ത്യയ്ക്ക് വീണ്ടും നോട്ടീസ് അയച്ച് ബംഗ്ലാദേശ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരം നഷ്ടമായ ഷേക്ക് ഹസീന അന്നു മുതല്‍ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്. ബംഗ്ലാദേശ് വിദേശകാര്യ അഡൈ്വസര്‍ തൗഫീദ് ഹുസൈനാണ് ഹസീനയെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്കു കത്തയച്ചിരിക്കുന്നത്.
ഇതു രണ്ടാം പ്രാവശ്യമാണ് ഷേക്ക് ഹസീനയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യയ്ക്കു കത്തയയ്ക്കുന്നത്. ആദ്യം കത്തയച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു. അതുപോലെ ബംഗ്ലാദേശിലെ മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ കമാലിനെ വിട്ടുതരണമെന്നും ബംഗ്ലാദേശ് ആവശ്യമുന്നയിച്ചിട്ടുണ്ട്. ഹസീനയ്‌ക്കൊപ്പം ഇദ്ദേഹത്തിനും വധശിക്ഷ വിധിച്ചിരിക്കുകയാണ്.

