ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍. കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന കേസില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. വിധിക്കു പിന്നാലെ ബംഗ്ലാദേശില്‍ യൂനിസ് സര്‍ക്കാര്‍ പ്രധാന നഗരങ്ങളിലും മറ്റും സുരക്ഷ അതിശക്തമാക്കി.
ഹസീനയ്ക്കു പുറമെ ഇവരുടെ വിശ്വസ്തരും കൂട്ടാളികളുമായിരുന്ന മുന്‍ ആഭ്യന്തരമന്ത്രി അസദു സമാന്‍ ഖാന്‍ കമാല്‍, മുന്‍ ഐജിപി ചൗധരി അബ്ദുള്ള അല്‍ മാമുന്‍ എന്നിവരും ഇതേ കുറ്റകൃത്യം ചെയ്തതായി ട്രൈബ്യൂണല്‍ കണ്ടെത്തി. 2024 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ നടന്ന കൊലപാതകങ്ങള്‍, പീഡനങ്ങള്‍, തിരോധാനങ്ങള്‍, തീവയ്പുകള്‍ എന്നിവയില്‍ മൂവരും ഉത്തരവാദികളാണെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഒരു ബംഗ്ലാദേശ് പ്രധാനമന്ത്രിക്കെതിരായ ആദ്യ ശിക്ഷാവിധിയാണിത്. വിദ്യാര്‍ഥി പ്രക്ഷോഭത്തിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് ഹസീന ഇന്ത്യയിലേക്കു പലായനം ചെയ്തിരുന്നു. ഇവരുടെ പതനത്തിനു മുന്നോടിയായി നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ പോലീസുകാരുള്‍പ്പെടെ ആയിരത്തഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഏകദേശ കണക്ക്. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളാണ് ഹസീനയുടെ പതനത്തിലേക്ക് വഴിനയിച്ചത്.
വിധിക്കു പിന്നാലെ സ്വന്തം പാര്‍ട്ടിയായ അവാമി ലീഗിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ഓഡിയോ സന്ദേശത്തില്‍ ആരും ഒന്നും പേടിക്കാനില്ലെന്നാണ് ഹസീന പറയുന്നത്. ഞാന്‍ ജീവനോടെയുണ്ട്, ജീവനോടെ ഇരിക്കുകയും ചെയ്യും. സര്‍ക്കാരിനെതിരായ പോരാട്ടം തുടരുകയും ചെയ്യുമെന്ന് അവര്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

