മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ബോണ്ടായിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് റോയല്‍ കമ്മീഷന് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി വിക്ടോറിയയിലെ മുന്‍ പ്രീമിയര്‍മാര്‍ രംഗത്ത്. വിക്ടോറിയന്‍ മുന്‍ പ്രീമിയര്‍മാരായ ടെഡ് ബെയ്ലിയു, ഡെനിസ് നാപ്തൈന്‍, ജെഫ് കെന്നറ്റ് എന്നിവരും മുന്‍ ഉപമുഖ്യമന്ത്രി ജെയിംസ് മെര്ലിനോയുമാണ് പ്രധാനമന്ത്രി ആന്റണി ആല്ബനീസിനുമേല് സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുന്നുവെന്ന് 9 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ജൂതവിരുദ്ധതയും (antisemitism) ബോണ്ടായ് ആക്രമണത്തിലെ സുരക്ഷാ വീഴ്ചകളും വിശദമായി പരിശോധിക്കാന്‍ ഫെഡറല്‍ തലത്തില്‍ തന്നെ ഒരു റോയല്‍ കമ്മീഷന് വേണമെന്നാണ് ഇവരുടെ നിലപാട്.നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണങ്ങള്‍ പര്യാപ്തമല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പോര്‍ട്ട് ആര്‍തര്‍ കൂട്ടക്കൊലയ്ക്ക് ശേഷം ഉണ്ടായതുപോലൊരു ദേശീയ നടപടി ഈ വിഷയത്തിലും അനിവാര്യമാണെന്ന് മുന്‍ പ്രീമിയര്‍ ടെഡ് ബെയ്ലിയു അഭിപ്രായപ്പെട്ടു. ജൂത സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും പ്രധാനമന്ത്രി നിലപാട് മാറ്റേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതെസമയം,നിലവിലെ സുരക്ഷാ ഏജന്‍സികളുടെയും വിദഗ്ധരുടെയും ഉപദേശം കണക്കിലെടുത്ത് റോയല്‍ കമ്മീഷന് ആവശ്യമില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. ഡെന്നീസ് റിച്ചാര്ഡ്സണ് നയിക്കുന്ന സ്വതന്ത്ര അന്വേഷണമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.
ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണത്തിനപ്പുറം, ദേശീയ തലത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റോയല്‍ കമ്മീഷന് തന്നെ വേണമെന്നാണ് ഓസ്ട്രേലിയയിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെയും ആവശ്യം.

