ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ബോണ്ടായി ബീച്ചില്‍ 16 പേര്‍ കൊല്ലപ്പെട്ട അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച 2 പേരെ പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നു. ലോകമെങ്ങും പ്രതിഷേധജ്വാല അലയടിക്കുകയാണ്..
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയും ന്യൂ സൗത്ത് വെയില്‍സ് പ്രീമിയറും ഇത് ഒരു ഭീകരാക്രമണമാണെന്ന് വ്യക്തമാക്കിയതോടെ,സിഡ്‌നിയിലെ ബോണ്ടായി ബീച്ചില്‍ നടന്ന ആക്രമണം രാജ്യത്തിന്റെ ആത്മബോധത്തെ തന്നെ ചോദ്യം ചെയ്യുന്ന സംഭവമായി മാറിയിരിക്കുകയാണ്.ജൂത സമൂഹത്തെ ലക്ഷ്യമിട്ട് നടന്ന ഈ അക്രമം അപലപനീയമെന്നതില്‍ സംശയമില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ആഘോഷങ്ങള്‍ക്കായി ഒത്തുകൂടുന്ന സ്ഥലമാണ് ബോണ്ടായി ബീച്ച്. സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും തുറന്ന ഇടമായി അറിയപ്പെടുന്ന മണല്‍ത്തരികളിലാണ് ജൂത സമൂഹം ആഘോഷങ്ങളുമായി ഒത്തുകൂടിയിരുന്നത്.അതിനിടയിലേക്ക് വെറുപ്പിന്റെയും മതവൈരാഗ്യത്തിന്റെയും വിഷം നിറച്ച ആക്രമണം കടന്നുവന്നു.ആഘോഷത്തിന്റെ നിമിഷങ്ങള്‍ ഭീതിയുടെയും രക്തസാക്ഷ്യങ്ങളുടെയും കാഴ്ചകളായി മാറി. നിരവധി നിരപരാധി ജീവനുകള്‍ പൊലിഞ്ഞ ഈ ആക്രമണം ക്രൂരമെന്ന് വിശേഷിപ്പിക്കാതെ വയ്യ.

ഇത്രമേല്‍ നീതിബോധമില്ലാത്ത, മതത്തെ ആയുധമാക്കുന്ന വര്‍ഗീയതയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന ആരോപണം ഗൗരവത്തോടെ പരിശോധിക്കപ്പെടണം. ഓസ്ട്രേലിയ പോലുള്ള ബഹുസാംസ്‌കാരിക സമൂഹത്തില്‍, മതമോ വംശമോ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നത് അതീവ ഗുരുതരമായ മുന്നറിയിപ്പാണ്. അധികാരികള്‍ ഇത് ഭീകരാക്രമണമെന്നു വിശേഷിപ്പിക്കുമ്പോള്‍,ഒരു വലിയ ചോദ്യം ഉയരുന്നു: ഈ നാട്ടിലേക്ക് അഭയം തേടിയെത്തിയ പ്രവാസികള്‍ പോലും മതത്തിന്റെയും വര്‍ഗീയതയുടെയും പ്രവാചകരായി മാറുന്നുണ്ടോ? എവിടെയാണ് പാളിയത്?
ഈ ആക്രമണത്തിന് പിന്നില്‍ വെറും വ്യക്തിഗത ഭ്രാന്തോ, അതോ സംഘടിതമായ വെറുപ്പിന്റെ രാഷ്ട്രീയമോ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കപ്പെടേണ്ടതുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി മതവൈരാഗ്യം ഇന്ധനമാക്കുന്ന പ്രവണത ശക്തമാകുകയാണ്.അതിന്റെ പ്രതിഫലനമാണോ ബോണ്ടായിയില്‍ കണ്ടത് എന്ന ചോദ്യവും അവഗണിക്കാനാവില്ല.
സോഷ്യല്‍ മീഡിയയും തെറ്റായ പ്രചാരണങ്ങളും വെറുപ്പിനെ സാധാരണമാക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.അസത്യങ്ങള്‍ സത്യമായി അവതരിപ്പിക്കപ്പെടുകയും,ഒരു സമൂഹത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്ന നരേറ്റീവുകള്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു.ഇത്തരം സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ പോലും വലിയ സാമൂഹിക മുറിവുകളായി മാറുന്നു.
ഇത്തരം നിന്ദ്യമായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുക എന്നതാണ് ഓസ്ട്രേലിയന്‍ സമൂഹത്തിന് മുന്നിലുള്ള പ്രധാന ഉത്തരവാദിത്തം.മതവും വംശവും അടിസ്ഥാനമാക്കിയുള്ള അന്ധകാര രാഷ്ട്രീയത്തിന് മുന്നില്‍ നിശ്ശബ്ദരാകുന്നത് തന്നെ അതിനെ ശക്തിപ്പെടുത്തുന്നതിന് തുല്യമാണ്.വെറുപ്പിനെതിരെ വെളിച്ചം കൊണ്ടുവരിക, വൈവിധ്യത്തെ സംരക്ഷിക്കുക, നിയമവാഴ്ച ഉറപ്പാക്കുകഇവയാണ് ഈ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍.

ബോണ്ടായി ആക്രമണം ഒരു ഒറ്റ സംഭവമായി മാത്രം കാണാന്‍ കഴിയില്ല. ഇത് ഓസ്ട്രേലിയന്‍ സമൂഹത്തിന്റെ ആത്മാവിനെ നേരിട്ട് വെല്ലുവിളിക്കുന്ന മുന്നറിയിപ്പാണ്. അന്വേഷണം പുരോഗമിക്കുകയാണ്,കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്, ഫെഡറല്‍സംസ്ഥാന ഭരണകൂടങ്ങള്‍ ഒന്നിച്ച് ശക്തമായ നടപടി ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ നിയമനടപടികള്‍ മാത്രം മതിയാകില്ല.
മതവൈരാഗ്യവും വര്‍ഗീയ വെറുപ്പും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന ഏത് ശക്തിയേയുംഅത് തെരുവിലായാലും സോഷ്യല്‍ മീഡിയയിലായാലുംസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണം.വെറുപ്പ് പ്രസംഗങ്ങള്‍ക്ക് നിയമപരമായ കടിഞ്ഞാണുകള്‍ കര്‍ശനമാക്കുകയും,തെറ്റായ പ്രചാരണങ്ങളെ തടയാന്‍ മാധ്യമങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം. സ്‌കൂളുകളില്‍ നിന്ന് സമൂഹത്തിലേക്ക് വരെ സഹവര്‍ത്തിത്വവും ബഹുസാംസ്‌കാരിക ബോധവും ശക്തിപ്പെടുത്തുന്ന ഇടപെടലുകള്‍ അനിവാര്യമാണ്.
ഓസ്ട്രേലിയ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ബഹുസാംസ്‌കാരികത ഒരു പ്രഖ്യാപനവാക്യമല്ല; അത് ദിവസേന സംരക്ഷിക്കപ്പെടേണ്ട ഒരു സാമൂഹിക കരാറാണ്.ബോണ്ടായിയിലെ മണല്‍ത്തരികള്‍ ഇന്ന് രക്തസാക്ഷിയായത് ആ കരാര്‍ ലംഘിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഭീകരഫലങ്ങളുടെ ഓര്‍മ്മപ്പെടുത്തലായി മാറിയിരിക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇവിടെ വേരോടെ പിഴുതെറിയണം.
ഓസ്‌ട്രേലിയ ഒരു ബഹുസ്വര സമത്വത്തിന്റെ ഭൂമികയാണ്.
അക്രമത്തില്‍ മരണപ്പെട്ടവരെയും, മുറിവേറ്റവരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും വേദനയില്‍ പങ്ക്‌ചേര്‍ന്നു കൊണ്ട് ബോണ്ടായി ബീച്ചില്‍ നിന്നും.

