കണ്ണൂർ: നാടക-സാംസ്കാരിക രംഗത്ത് സജീവമായ ബിഹൈൻഡ് ദി കർട്ടൻ സംഘടനയുടെ പത്താമത് സംസ്ഥാന പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നു. മാർച്ച് 22 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം രോഹിണി പുരസ്കാരങ്ങൾ സമ്മാനിക്കും. ഐ.ആർ.പി.സി ചെയർമാനും മുൻ എം.എൽ.എയുമായ പി. ജയരാജൻ (പ്രകാശൻ മാസ്റ്റർ) ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി.കെ. സനോജ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ സന്നിഹിതരാകും. ചലച്ചിത്ര താരം ഉണ്ണിരാജ് (മറിമായം ഫെയിം), വനിതാരത്ന പുരസ്ക്കാര ജേതാവ് പി.പി. ദിവ്യ, സംഗീത സംവിധായകൻ വിനോദ് ചെറുകുന്ന് എന്നിവർ വിശിഷ്ടാതിഥികളായി എത്തും. ജൂറി ചെയർമാൻ ടി.പി. സുനിൽകുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.വി. മോഹനൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
ഈ വർഷത്തെ പുരസ്കാര ജേതാക്കൾ:
വിവിധ ജില്ലകളിൽ നിന്നും വിദേശത്തു നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേർക്കാണ് ഇത്തവണത്തെ പുരസ്കാരം ലഭിക്കുന്നത്. ബിന്ദു സുരേഷ് (കൊല്ലം), നിജിൽ ദാസ് (തൃശൂർ), ടി. പവിത്രൻ (കണ്ണൂർ), റഫീഖ് മംഗലശ്ശേരി (മലപ്പുറം), ഗിരീഷ് അവണൂർ (ഓസ്ട്രേലിയ) എന്നിവരാണ് പത്താം വർഷത്തെ അവാർഡിന് അർഹരായത്. കണ്ണൂരിലെ തിയറ്റർ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയുടെ ഈ വാർഷികാഘോഷം വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

