ബെംഗളൂരു: എടിഎമ്മിലേക്കു കൊണ്ടുപോയ 7.11 കോടി രൂപ കൊള്ളയടിച്ച സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പോലീസ്. ഇവരില്‍ നിന്ന് 5.76 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. അറുപതു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. എന്നാല്‍ അറസ്റ്റിലായ പ്രതികളുടെ പേരുവിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല. കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ നേരത്തെ കണ്ടെത്തുകയും പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുകയും ചെയ്തിരുന്നെങ്കിലും അവരെ കണ്ടെത്താന്‍ മാത്രം ഇതുവരെ കഴിഞ്ഞിരുന്നില്ല.
പ്രതികളെ കണ്ടെത്താനുള്ള പോലീസിന്റെ അതിതീവ്ര പരിശ്രമമാണിപ്പോള് വിജയത്തിലെത്തിയിരിക്കുന്നത്. ഇന്നോവയില്‍ സംഭവസ്ഥലത്തു നിന്നു രക്ഷപെട്ട പ്രതികള്‍ മറ്റൊരു വാഹനത്തില്‍ രക്ഷപെട്ടു എന്നാണിപ്പോഴും പോലീസിന്റെ അനുമാനം. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കവര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാകൂ.
അശോക സ്തംഭം-ജയനഗര്‍ ഡെയറി പരിസരത്തു വച്ചാണ് കവര്‍ച്ച സംഘം എടിഎമ്മില്‍ പണം നിറയ്ക്കുന്ന ജോലി കരാറെടുത്തിരുന്ന സംഘത്തിലെ ജീവനക്കാരെ തോക്കു ചൂണ്ടി ഭയപ്പെടുത്തി കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന വ്യാജേന പണം തട്ടിയെടുത്തത്.

