ആഗോള ഗതാഗതക്കുരുക്ക് പട്ടികയില്‍ രണ്ടാമതായി ബംഗളൂരു

ബെംഗളൂരു: ലോകത്തിലെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കുള്ള നഗരങ്ങളെ കണ്ടെത്താനായി തയാറാക്കിയ ‘ഗ്ലോബല്‍ കണ്‍ജഷന്‍ ഇന്‍ഡക്‌സ് 2025’ റിപ്പോര്‍ട്ട് പുറത്തുവന്നു. അന്താരാഷ്‌ട്ര തലത്തില്‍ ഗതാഗത വേഗം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നു ബംഗളൂരു രണ്ടാം സ്ഥാനത്തും പൂന അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബംഗളൂരു നഗരത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 30 മിനിറ്റിലധികം സമയം വേണ്ടിവരുന്നു. ലണ്ടന്‍ ആണ് ലോകത്ത് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നഗരം. മഹാരാഷ്‌ട്രയിലെ ഐടി ഹബ്ബായ പൂന ലോകത്തെ അഞ്ചാമത്തെ തിരക്കേറിയ നഗരമായി മാറി. പട്ടികയില്‍ മുംബൈ 18-ാം സ്ഥാനത്തും ഡല്‍ഹി 23-ാം സ്ഥാനത്തുമാണ്. കോല്‍ക്കത്ത 29-ാം സ്ഥാനത്തുമുണ്ട്.

ബംഗളൂരുവിലെ ഒരു ശരാശരി യാത്രക്കാരന്‍ പ്രതിവര്‍ഷം 130 മണിക്കൂറിലധികം തിരക്കേറിയ സമയങ്ങളില്‍ അധികമായി ചിലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്നത് നഗരങ്ങളിലെ കാര്‍ബണ്‍ ഉദ്വമനം വര്‍ധിപ്പിക്കുന്നതായും ഇതു ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കു നയിക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളുടെ അഭാവവും സ്വകാര്യ വാഹനങ്ങളുടെ വര്‍ധനവുമാണ് ഇന്ത്യന്‍ നഗരങ്ങളിലെ ഈ പിന്നോക്കാവസ്ഥയ്ക്കു പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. നഗരാസൂത്രണത്തിലും ഗതാഗത നിയന്ത്രണ സംവിധാനങ്ങളിലും അടിയന്തര മാറ്റങ്ങള്‍ വരുത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *