യാത്രക്കാർക്ക് വമ്പൻ ഓഫർ! 1550 രൂപ മുതൽ വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്സ്പ്രസ് ‘സെയിൽ’ തുടങ്ങുന്നു

വിമാനയാത്രക്കാർക്കായി ആകർഷകമായ ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ സെയിൽ’ ആരംഭിച്ചു. ആഭ്യന്തര യാത്രകൾക്ക് 1550 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 6510 രൂപ മുതലുമാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ഫെബ്രുവരി 5 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ കാലയളവിൽ ടിക്കറ്റ് എടുക്കുന്നവർക്ക് ഫെബ്രുവരി 11 മുതൽ ഡിസംബർ 31 വരെയുള്ള തീയതികളിൽ യാത്ര ചെയ്യാവുന്നതാണ്. ഏകദേശം 20 ശതമാനം വരെ കിഴിവാണ് ടിക്കറ്റ് നിരക്കുകളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺവീനിയൻസ് ഫീ നൽകേണ്ടതില്ല എന്ന വലിയ പ്രത്യേകതയുമുണ്ട്. കൂടാതെ, യാത്രക്കാർക്ക് ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനുള്ള സൗകര്യവും കമ്പനി നൽകുന്നു. എക്സ്പ്രസ് ലൈറ്റ് നിരക്കിൽ യാത്ര ചെയ്യുന്നവർക്ക് അധിക ബാഗേജ് ആവശ്യമുണ്ടെങ്കിൽ കുറഞ്ഞ നിരക്കിൽ (ആഭ്യന്തര യാത്രകൾക്ക് 1500 രൂപയും അന്താരാഷ്ട്ര യാത്രകൾക്ക് 2500 രൂപയും) അത് ലഭ്യമാകും. ന്യൂപാസ് അംഗങ്ങൾക്ക് ബിസിനസ് ക്ലാസിന് സമാനമായ ‘ബിസ്’ സീറ്റുകളിൽ 25 ശതമാനം വരെ അധിക കിഴിവും ലഭിക്കുന്നതാണ്.

മികച്ച ആഭ്യന്തര കണക്ടിവിറ്റിയുള്ള വിമാന കമ്പനിക്കുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈ വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *