ഒരു പിടിയന്നത്തിനായ്
മാനംവിൽക്കുവോൾ’വേശ്യ !’
കാശിനുകാമംതീർത്തവനോ
‘ മാന്യൻ.’
മകളെ ഭാര്യയാക്കിയവൻ
‘സാഹചര്യത്തെറ്റുകാരൻ ‘
കൂട്ടിക്കൊടുത്തവനും
പങ്കുപറ്റിയവനും തിന്നു
കൊഴുത്തൂഴംകാത്തിരിപ്പൂ.
ചെളിയിൽ ചവിട്ടിയാൽ
കുളത്തിൽ കഴുകി മുന്നേറാം
ആണി,നിതുകാലം കല്പിച്ച നീതി!
കല്ലെറിഞ്ഞു ചാപ്പകുത്തി
പുറംതള്ളപ്പെടുന്നവളെന്നും
നാരിതന്നെ.
“ഇല മുള്ളിൽ വീണാലും
മുള്ളിലയിൽ വീണാലും
കേടിലയ്ക്കു തന്നെ ‘
ചൊല്ലിപ്പഠിപ്പിച്ചപ്പോളോർത്തതില്ല
മുത്തശ്ശിമാർ,തൂങ്ങിയാടേണ്ടി
വരും പുത്രിമാർമരക്കൊമ്പിലെന്ന് .
ചിന്തയിലസമത്വം,നിയമത്തിലതിലേറേ,
എന്നിട്ടുംസംവരണവിഭൂഷ
ചാർത്തിയെഴുന്നള്ളിപ്പൂ .
ബാല്യവും കൗമാരവും കാമാഗ്‌നിയിലെരിയിച്ച്
ഒരുമുഴംകയറിൽതൂക്കുന്നവൻ
മീശപിരിച്ചുനടക്കുംലോകം!
കെട്ടിത്താഴ്ത്തിയതിനും കല്ലിലെറിഞ്ഞുടച്ചതിനും
പഴിചാരുമ്പോളോർക്കുക,
താത്രിക്കുട്ടിമാരിന്നും
ജീവിക്കുന്നു.
ഉദരത്തിലുരുവായതു
മന്ത്രതന്ത്രത്താലല്ല .
പങ്കുപറ്റിയവൻചെളികഴുകിയ
കുളത്തിലെ വെള്ളമിതാ
കലങ്ങിക്കിടക്കുന്നു
കൺതുറന്നൊന്നു നോക്കൂ.

ഗ്രേസി കെ വി

