സിഡ്‌നി വിമാനത്താവളത്തിന് സമീപം നൂറു കോടി ഡോളറിന്റെ വികസനം; ആൽഡി വിതരണ കേന്ദ്രത്തിന് അനുമതി നൽകി എൻ.എസ്.ഡബ്ല്യൂ സർക്കാർ

സിഡ്‌നി: സിഡ്‌നിയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നൂറു കോടി ഡോളറിന്റെ വൻകിട വിതരണ കേന്ദ്രം നിർമ്മിക്കാൻ ന്യൂ സൗത്ത് വെയ്‌സ് സർക്കാർ അനുമതി നൽകി. ജർമ്മൻ സൂപ്പർമാർക്കറ്റ് ഭീമനായ ആൽഡി (Aldi) ആണ് 15 ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ഈ കൂറ്റൻ കേന്ദ്രം നിർമ്മിക്കുന്നത്. വെസ്റ്റേൺ സിഡ്‌നിയിലെ വികസനക്കുതിപ്പിൽ നിർണ്ണായകമാകുന്ന ഈ പദ്ധതി, വിമാനത്താവളത്തിന് സമീപമുള്ള ‘ഏറോട്രോപോളിസ്’ (Aerotropolis) മേഖലയിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ്.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നിർമ്മാണ ഘട്ടത്തിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പൂർത്തിയായ ശേഷം 585 പേർക്ക് സ്ഥിരനിയമനം ലഭിക്കുമെന്നും സർക്കാർ അറിയിച്ചു. അതേസമയം, ഈ കേന്ദ്രത്തിന്റെ 80 ശതമാനവും അത്യാധുനികമായ ഓട്ടോമേഷൻ (Automation) സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. ദിവസത്തിൽ 24 മണിക്കൂറും പ്രവർത്തിക്കാൻ ഇതുവഴി സാധിക്കും. യന്ത്രവൽകൃത സംവിധാനങ്ങൾ മനുഷ്യരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കില്ലെന്നും ഭാവിയിലേക്കുള്ള വ്യവസായ മേഖലകളെ പരിപോഷിപ്പിക്കാനാണ് ഇത്തരം മാറ്റങ്ങളെന്നും പ്ലാനിംഗ് മന്ത്രി പോൾ സ്കള്ളി വ്യക്തമാക്കി.

മിൻസ് സർക്കാർ അധികാരമേറ്റ ശേഷം വെസ്റ്റേൺ സിഡ്‌നി മേഖലയുടെ വികസനത്തിനായി ഇതിനകം 200 കോടി ഡോളർ ചെലവഴിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ 600 കോടി ഡോളറിന്റെ കൂടുതൽ പദ്ധതികൾക്ക് അനുമതി നൽകാനാണ് സർക്കാരിന്റെ നീക്കം. സിഡ്‌നിയിലെ മൂന്നാമത്തെ നഗരമായി വികസിപ്പിക്കുന്ന ബ്രാഡ്‌ഫീൽഡ് സിറ്റിയുടെ ഭാഗമായാണ് ഈ വിതരണ കേന്ദ്രം വരുന്നത്. പദ്ധതി വെസ്റ്റേൺ സിഡ്‌നിയെ വ്യവസായത്തിന്റെയും നൂതന സാങ്കേതികവിദ്യയുടെയും പ്രധാന കേന്ദ്രമാക്കി മാറ്റുമെന്ന് ഉപമുഖ്യമന്ത്രി പ്രൂ കാർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *