യുകെ: ഇംഗ്ലണ്ട് :- ഇംഗ്ലണ്ടിലെ വീടുകളില്‍ മാലിന്യ സംസ്കരണത്തിന് വിപ്ലവകരമായ മാറ്റങ്ങള്‍ വരുന്നു. 2026 മാര്‍ച്ച് മുതല്‍ ഇംഗ്ലണ്ടിലെ ഓരോ വീടിനും കുറഞ്ഞത് നാല് വ്യത്യസ്ത ബിന്നുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാലിന്യങ്ങള്‍ തരംതിരിക്കുന്നതില്‍ നിലവിലുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും പുനരുപയോഗം വര്‍ദ്ധിപ്പിക്കാനുമാണ് ‘സിംപ്ലര്‍ റീസൈക്ലിംഗ്’ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിയമപ്രകാരം താഴെ പറയുന്ന നാല് വിഭാഗങ്ങളിലായി മാലിന്യങ്ങള്‍ നിക്ഷേപിക്കണം:
പുനരുപയോഗിക്കാന്‍ കഴിയാത്ത സാധാരണ മാലിന്യങ്ങള്‍ (Residual Waste)
ഭക്ഷണ അവശിഷ്ടങ്ങള്‍ (Food Waste ) ആഴ്ചതോറുമുള്ള ശേഖരണം നിര്‍ബന്ധം)
പേപ്പറും കാര്‍ഡ്ബോര്‍ഡും (Paper and Card)
മറ്റ് ഉണങ്ങിയ പുനരുപയോഗ വസ്തുക്കള്‍ (പ്ലാസ്റ്റിക്, മെറ്റല്‍, ഗ്ലാസ് എന്നിവ)
നിലവില്‍ ഓരോ കൗണ്‍സിലിലും വ്യത്യസ്ത രീതിയിലുള്ള ബിന്‍ ശേഖരണമാണ് നടക്കുന്നത്.
ഇത് ജനങ്ങളില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ ഇംഗ്ലണ്ടിലുടനീളം ഏകീകൃതമായ മാലിന്യ ശേഖരണ രീതി നിലവില്‍ വരും. ഫ്ലാറ്റുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ താമസസ്ഥലങ്ങളിലും 2026 മാര്‍ച്ച് 31-നകം ഈ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും പേജ് ഫോളോ ചെയ്യുക, ഷെയര്‍ ചെയ്യുക. ഈ വാര്‍ത്തയെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.
ചില കൗണ്‍സിലുകള്‍ക്ക് കരാര്‍ കാലാവധി അനുസരിച്ച് ഭക്ഷണ അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതില്‍ ചെറിയ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും, മിക്കയിടങ്ങളിലും 2026-ല്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരും. കൂടാതെ 2027 മാര്‍ച്ച് മുതല്‍ ചിപ്സ് പാക്കറ്റുകള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവയും പ്ലാസ്റ്റിക് റീസൈക്ലിംഗ് ബിന്നില്‍ ഉള്‍പ്പെടുത്തണം.
അനാവശ്യമായ മാലിന്യങ്ങള്‍ കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ഈ മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കൂടുതല്‍ ബിന്നുകള്‍ കൈകാര്യം ചെയ്യുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാകുമോ എന്ന ആശങ്കയും ചില നിവാസികള്‍ പങ്കുവെക്കുന്നുണ്ട്.

