സിഡ്‌നി: പക്ഷിപ്പനി വ്യാപനത്തെത്തുടർന്ന് ഓസ്‌ട്രേലിയയിൽ മുട്ടയ്ക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, തങ്ങളുടെ പ്രഭാതഭക്ഷണ വിതരണ സമയത്തിൽ മാറ്റം വരുത്തി പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാൾഡ്‌സ്. സാധാരണ ഉച്ചയ്ക്ക് 12 മണി വരെ ലഭ്യമായിരുന്ന ബ്രേക്ക്ഫാസ്റ്റ് ഇനി മുതൽ രാവിലെ 10:30-ന് അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ചൊവ്വാഴ്ച മുതലാണ് പുതിയ പരിഷ്‌കാരം നിലവിൽ വന്നത്.
“നിലവിലെ വിപണിയിലെ വെല്ലുവിളികൾ കാരണം, മറ്റ് പല വ്യാപാരികളെയും പോലെ ഞങ്ങളും മുട്ടയുടെ ലഭ്യത അതീവ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നത്,” എന്ന് മക്ഡൊണാൾഡ്‌സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ഓസ്‌ട്രേലിയൻ കർഷകരുമായും വിതരണക്കാരുമായും ചേർന്ന് സ്ഥിതിഗതികൾ എത്രയും വേഗം സാധാരണ നിലയിലാക്കാൻ ശ്രമിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ മെയ് മാസം മുതൽ ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കൻ മേഖലയിലുള്ള 11 പൗൾട്രി ഫാമുകളിലാണ് അതിതീവ്ര വ്യാപന ശേഷിയുള്ള പക്ഷിപ്പനി പടർന്നുപിടിച്ചത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇതുവരെ ഏകദേശം 15 ലക്ഷത്തോളം കോഴികളെ കൊന്നൊടുക്കേണ്ടി വന്നു. ലോകമെമ്പാടും പടരുന്ന ‘H5N1’ വൈറസ് വകഭേദമല്ല ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നത് ആശ്വാസകരമാണെങ്കിലും, മുട്ട ഉല്പാദനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
രാജ്യത്തെ ആകെ മുട്ടക്കോഴികളിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് രോഗബാധയുണ്ടായതെന്നും വൈറസിനെ വിജയകരമായി നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. എങ്കിലും മുൻകരുതൽ എന്ന നിലയിൽ പല സൂപ്പർമാർക്കറ്റുകളും ഉപഭോക്താക്കൾ വാങ്ങുന്ന മുട്ടകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദിവസത്തിന്റെ അവസാനത്തോടെ പല കടകളിലും സ്റ്റോക്ക് തീരുന്ന അവസ്ഥയുണ്ടെന്ന് ഇൻഡസ്ട്രി ബോഡി ‘ഓസ്‌ട്രേലിയൻ എഗ്ഗ്‌സിൻ്റെ’ മാനേജിംഗ് ഡയറക്ടർ റോവൻ മക്മോണീസ് പറഞ്ഞു.
കാട്ടുപക്ഷികളിൽ നിന്നാണ് വളർത്തുപക്ഷികളിലേക്ക് പക്ഷിപ്പനി പടരുന്നത്. 1976-ന് ശേഷം ഓസ്‌ട്രേലിയയിൽ പത്താം തവണയാണ് ഇത്തരത്തിൽ രോഗവ്യാപനം ഉണ്ടാകുന്നത്. മുൻകാലങ്ങളിലേതുപോലെ ഇത്തവണയും രോഗം വിജയകരമായി നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഗവൺമെന്റ്.

