പക്ഷിപ്പനി:പ്രഭവകേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊന്നു നശിപ്പിക്കും

ആലപ്പുഴ ജില്ലയിലെ തകഴി, കാര്‍ത്തികപ്പള്ളി,കരുവാറ്റ,പുന്നപ്ര സൗത്ത്,പുറക്കാട്, ചെറുതന,നെടുമുടി,അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളില്‍ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു.ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ വിവിധ വകുപ്പുകളുടെ അടിയന്തിര യോഗത്തില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ 2021 ലെ പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ ആക്ഷന്‍ പ്ലാന്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനമായി.

പ്രഭവകേന്ദ്രങ്ങള്‍ക്ക് 1 കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള ദ്രുതകര്‍മ്മ സേനകളും അനുബന്ധ ഒരുക്കങ്ങളും മൃഗസംരക്ഷണ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.

തകഴി പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റര്‍ ചുറ്റളവില്‍ 305 വളര്‍ത്തുപക്ഷികളും,കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റര്‍ ചുറ്റളവില്‍ (കുമാരപുരം പഞ്ചായത്തിന്റെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്നു) 353 ,കരുവാറ്റ പഞ്ചായത്തില്‍ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റര്‍ ചുറ്റളവില്‍ 665 ,പുന്നപ്ര സൗത്ത് പഞ്ചായത്തില്‍ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റര്‍ ചുറ്റളവില്‍ 5672, പുറക്കാട് പഞ്ചായത്തില്‍ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റര്‍ ചുറ്റളവില്‍ 4000, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തില്‍ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റര്‍ ചുറ്റളവില്‍ 4000,ചെറുതന പഞ്ചായത്തില്‍ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റര്‍ ചുറ്റളവില്‍ 4500 ,നെടുമുടി പഞ്ചായത്തില്‍ പ്രഭവകേന്ദ്രത്തിന് 1 കിലോമീറ്റര്‍ ചുറ്റളവില്‍ 386 ഉം ഉള്‍പ്പെടെ ഏകദേശം 19881 പക്ഷികളെയാണ് കൊന്നു നശിപ്പിക്കേണ്ടത്.ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും ജില്ലാ കളക്ടര്‍ നല്‍കി.
ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

പക്ഷികളില്‍ അസ്വാഭാവിക കൂട്ട മരണം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ അറിയിക്കേണ്ടതാണ്.അസ്വാഭാവികമായി മരണപ്പെടുന്ന പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ മാസ്‌ക്,കയ്യുറ തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.ചത്തപക്ഷികളെ ആഴത്തില്‍ കുഴിയെടുത്ത് കുമ്മായം,ബ്ലീച്ചിങ് പൗഡര്‍ മുതലായ അണുനാശിനികള്‍ ഇട്ട് മൂടേണ്ടതാണ്. പക്ഷികളെ വളര്‍ത്തുന്ന ഫാമുകളില്‍ ജൈവസുരക്ഷ ഉറപ്പാക്കേണ്ടതാണ്.

എ ഡി എം ആശാ സി എബ്രഹാം, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി വി അരുണോദയ,മൃഗസംരക്ഷണ വകുപ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ.പി രാജീവ്, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ.മുഹമ്മദ് അഫ്‌സല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സുള്‍ഫിക്കര്‍, വിവിധ വകുപ്പുകുളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *