തിരുവനന്തപുരം: കേരളം വികസനവുമായി മുന്നോട്ട് പോകുമ്പോൾ അത് തടസപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നെന്നും, അനർഹമായത് ഒന്നും കേരളം ആവശ്യപ്പെടുന്നില്ലെന്നും നാടിന് അർഹതപ്പെട്ടത് കേന്ദ്രം നിഷേധിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേന്ദ്രത്തിന്റെ ഈ സമീപനത്തിനെതിരെ കേരളത്തോട് താൽപര്യം ഉള്ള എല്ലാവരും ഒന്നിച്ചു നിന്ന് ശബ്ദം ഉയർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന സർക്കാരിന്റെ സത്യഗ്രഹ സമരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ചില വിഭാഗങ്ങൾ കേരളത്തിന് വേണ്ടി ശബ്ദം ഉയർത്താൻ തയാറാകുന്നില്ല. കേന്ദ്രസർക്കാർ പക്ഷപാതപരമായ സമീപനം സ്വീകരിക്കുമ്പോൾ ഇവിടെയുള്ള കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി അതിന്റെ കൂടെയാണ് നിൽക്കുന്നത്. സ്വന്തം കൈയിലുള്ള അധികാരം അത് അമിതാധികാരം ആണെന്ന് ധരിക്കുന്നതാണ് കേന്ദ്രത്തിലെ അധികാരികൾ.
കേരളത്തിന്റെ താൽപര്യം ഒരുതരത്തിലും ഉയർത്താൻ പ്രതിപക്ഷം തയാറല്ല. നാട് മുന്നോട്ട് പോകാൻ പാടില്ല എന്ന കൂർമ ബുദ്ധിയാണ് യുഡിഎഫിനും കോൺഗ്രസിനും ഉള്ളത്.
കേരളത്തെ അവഗണിക്കുമ്പോൾ, അവഗണിക്കുന്ന കേന്ദ്ര സമീപനത്തെയാണ് കോൺഗ്രസ് പിന്താങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

