ന്യൂഡല്‍ഹി: പാശ്ചാത്യ ലോകത്തു മാത്രം ഷോപ്പിങ് മഹോത്സവമായി കൊണ്ടാടിയിരുന്ന ബ്ലാക്ക് ഫ്രൈഡേ ഇന്ത്യയിലും എത്തുന്നു. ആമസോണ്‍ പോലെ അമേരിക്ക ആസ്ഥാനമായ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകളും സൈബര്‍ സേവന ദാതാക്കളുമൊക്കെയാണ് ഇന്ത്യയിലേക്കും ബ്ലാക്ക് ഫ്രൈഡേ കച്ചവടം എത്തിക്കുന്നത്.
പരമ്പരാഗതമായി താങ്ക്‌സ് ഗിവിങ് ഡേ കഴിഞ്ഞു വരുന്ന വെള്ളിയാഴ്ചയാണ് അമേരിക്കയിലെ ബ്ലാക്ക് ഫ്രൈഡേ ദിനം. അതു മുതലാണ് ഇന്ത്യക്കാര്‍ക്ക് ദീപാവലി എത്ര വലിയ ഷോപ്പിങ് സമയമാണോ അത്ര വലിയ ക്രിസ്മസ് ഷോപ്പിങ് കാലം അമേരിക്കക്കാരും ആഘോഷിക്കുന്നത്. അത്യാധുനിക ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്കു പുറമെ ഹോട്ടല്‍ പാക്കേജുകള്‍ക്കും വിമാന ടിക്കറ്റ് ബുക്കിങ്ങിനും മറ്റും വമ്പിച്ച വിലക്കിഴിവാണ് ബ്ലാക്ക് ഫ്രൈഡേയില്‍ ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്ത് എവിടെയിരുന്നും ഈ ഷോപ്പിങ് സീസന്റെ മെച്ചമെടുക്കാന്‍ ആമസോണ്‍ അവസരം പ്രദാനം ചെയ്യുകയാണ്.
ആമസോണിനു പുറമെ ഇന്‍ഡിഗോ എയര്‍ലൈന്‍സും ബ്ലാക്ക് ഫ്രൈഡേ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടുവരെയാണ് ഇന്‍ഡിഗോയില്‍ ഇതിന്റെ ഓഫറുകള്‍ ലഭിക്കുക. വിവിധ ടൂര്‍ ഏജന്‍സികളും ഓഫറുകളുമായി രംഗത്തു വന്നിട്ടുണ്ട്. ഹോട്ടല്‍ ബുക്കിങ്ങിലും മറ്റുമാണ് ഇവരുടെ ഓഫറുകള്‍. ഈ വര്‍ഷം നവംബര്‍ 28നാണ് ബ്ലാക്ക് ഫ്രൈഡേയായി ആഘോഷിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ കഴിഞ്ഞു വരുന്ന തിങ്കളാണ് സൈബര്‍ മണ്‍ഡേ. അതിനും ഓഫറുകള്‍ തരുന്നവരുണ്ട്.

