ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന അല്‍ ഫലാഹ് സര്‍വകലാശാലയുടെ ഭരണപരമായ ഉത്തരവാദിത്വമുണ്ടായിരുന്ന അല്‍ ഫലാഹ് ട്രസ്റ്റിനെതിരേ അതീവ ഗുരുതരമായ കള്ളപ്പണ ആരോപണം. അവിഹിത മാര്‍ഗങ്ങളിലൂടെ ട്രസ്റ്റ് 415 കോടി രൂപയുടെ ലാഭമുണ്ടാക്കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ അറിയിച്ചു.
ഇല്ലാത്ത അംഗീകാരം ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു സര്‍വകലാശാലയുടെ പ്രവര്‍ത്തനം. ഇതിലൂടെ വിദ്യാര്‍ഥികളില്‍ നിന്നു വാങ്ങിയ സംഭാവനകളും ഫീസുകളും അവിഹിതമാര്‍ഗത്തിലുള്ളതാണെന്നു വ്യക്തമാകുന്നതായി ഇഡി വെളിപ്പെടുത്തി. എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും നടത്തിയത് ഒരൊറ്റ പാന്‍ നമ്പരിലൂടെയായിരുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഒരു ട്രസ്റ്റില്‍ മാത്രമായിരുന്നെന്നു വ്യക്തമാക്കുന്നു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും ഉണ്ടായിരിക്കെയാണ് ട്രസ്റ്റിന്റെ മാത്രം പേരില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
വ്യാജ അവകാശവാദം ഉന്നയിച്ചതിനു ശേഷം സ്ഥാപനത്തിന്റെ വരുമാനത്തില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ആകെ 415 കോടി രൂപയുടെ വരുമാനമാണ് ഇങ്ങനെ ഉണ്ടാക്കിയിരിക്കുന്നത്. എല്ലാ വരുമാനവും അക്കാദമിക് വരുമാനമെന്ന നിലയിലാണ് ഐടിആറുകളില്‍ കാണിച്ചിരിക്കുന്നത്. ഇതിനെല്ലാം അധികാരിയായി ഉണ്ടായിരുന്നത് ഒരൊറ്റ വ്യക്തിയുമായിരുന്നെന്ന് ഇഡി വ്യക്തമാക്കി.

