ഇന്നമിങ്കയിലെ പ്രളയത്തിൽ കാണാതായ 65-കാരന്റെ മൃതദേഹം കണ്ടെത്തി

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയുടെ വടക്കൻ മേഖലയിലുണ്ടായ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട 65-കാരന്റെ മൃതദേഹം കണ്ടെത്തി. ടോണി എന്ന് വിളിക്കുന്ന ഇദ്ദേഹത്തെ (പൂർണ്ണരൂപം വെളിപ്പെടുത്തിയിട്ടില്ല) കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. അഡ്‌ലെയ്ഡിൽ നിന്നും ഏകദേശം 800 കിലോമീറ്റർ അകലെയുള്ള ഇന്നമിങ്കയിലെ കോർഡിലോ ഡൗൺസ് റോഡിന് സമീപം ഉച്ചയ്ക്ക് 12.30-ഓടെയാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്.

കനത്ത മഴയെത്തുടർന്ന് കൂപ്പർ ക്രീക്ക് നദി കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിലായിരുന്നു അപകടം. കുത്തിയൊലിക്കുന്ന വെള്ളവും കുറഞ്ഞ കാഴ്ചപരിധിയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. പോൾ എയർ (PolAir), വാട്ടർ ഓപ്പറേഷൻസ് ഉദ്യോഗസ്ഥർ, പ്രാദേശിക പോലീസ്, എസ്.ഇ.എസ് (SES) വോളന്റിയർമാർ എന്നിവർ സംയുക്തമായി നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് പോലീസ് കൊറോണർക്ക് റിപ്പോർട്ട് സമർപ്പിക്കും. പ്രദേശത്ത് നദികൾ അപകടകരമാംവിധം ഉയരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *